പ്രതിഷേധം തണുപ്പിക്കാൻ വന്ദേഭാരത്‌ സ്പെഷ്യൽ ; എക്‌സിക്യൂട്ടീവിൽ 2945, ചെയർ കാറിൽ 1465



തിരുവനന്തപുരം മുമ്പേ പ്രഖ്യാപിച്ച എറണാകുളം – -ബംഗളൂരു വന്ദേഭാരത്‌ സ്‌പെഷ്യൽ നിലവിൽ ഓടിക്കുന്നത്‌ പ്രതിഷേധം തണുപ്പിക്കാൻ. ബജറ്റിൽ സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന്‌ കാര്യമായി ഒന്നും അനുവദിച്ചില്ല. ഇതിനെതിരെ ഭരണ–-പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. കഴിഞ്ഞവർഷം ആദ്യ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ വന്നതുമുതൽ ബംഗളൂരു റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്ന്‌ യാത്രക്കാരും സർക്കാരും ആവശ്യപ്പെട്ടിരുന്നു. തത്വത്തിൽ റെയിൽവേയും അത്‌ അംഗീകരിച്ചു. എന്നാൽ, രണ്ടാമത്‌ വന്ദേഭാരതും തിരുവനന്തപുരം–-കാസർകോട്‌ റൂട്ടിൽ ഓടിക്കുകയാണ്‌ ചെയ്‌തത്‌.  കേരളത്തിൽനിന്ന്‌ ബംഗളൂരുവിലേക്കും തിരിച്ചുമാണ്‌ ഏറ്റവും കൂടുതൽ ആഡംബര ബസുകളുടെ സർവീസ്‌. ഉത്സവകാലത്ത്‌ വലിയ ചൂഷണമാണ്‌ ഈ സർവീസുകളുടേതെന്ന്‌ വ്യാപക പരാതിയും ഉയരുക പതിവാണ്‌. ബംഗളൂരു സ്റ്റേഷൻ അധികൃതരും വന്ദേഭാരതിന്‌ എതിരായിരുന്നു. ഇതിനിടെയാണ്‌ പുതിയ റേക്ക്‌ കൂടി കേരളത്തിന്‌ അനുവദിച്ചത്‌. അത്‌ ഓടിക്കാതെ മൂന്നുമാസത്തിലധികം കൊല്ലത്ത്‌ ഇടുകയും ചെയ്‌തു.  കൊച്ചുവേളിയിൽനിന്ന്‌ മംഗളൂരുവിലേക്ക്‌ സ്‌പെഷ്യലായി ഒരു സർവീസ്‌ ഓടിച്ചെങ്കിലും നാലിലൊന്ന്‌ സീറ്റിലായിരുന്നു യാത്രക്കാർ. എക്‌സിക്യൂട്ടീവിൽ 2945, ചെയർ കാറിൽ 1465 ബുധനാഴ്‌ച ആരംഭിക്കുന്ന എറണാകുളം–-ബംഗളൂരു വന്ദേഭാരത്‌ സ്‌പെഷ്യലിന്‌ എട്ട്‌ കോച്ചാണ്‌ ഉണ്ടാകുക. അതിൽ ഒരു കോച്ച്‌ എക്‌സിക്യൂട്ടീവ്‌ ചെയർകാറും ഏഴ്‌ കോച്ച്‌ ചെയർ കാറുമാണ്‌. എക്‌സിക്യൂട്ടീവ്‌ ചെയറിൽ 2945 രൂപയും ചെയർ കാറിന്‌ 1465 രൂപയുമായിരിക്കും ടിക്കറ്റ്‌ നിരക്ക്‌.  എറണാകുളത്തുനിന്ന്‌ ആഗസ്‌ത്‌ 25 വരെയുള്ള ബുധൻ, വെളളി, ഞായർ ദിവസങ്ങളിൽ എറണാകുളത്തുനിന്ന്‌ ബംഗളൂരുവിലേക്കും ആഗസ്‌ത്‌ ഒന്നുമുതൽ 26 വരെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽനിന്ന്‌ എറണാകുളത്തേക്കുമായിരിക്കും സർവീസ്‌. തൃശൂർ, പാലക്കാട്‌,പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ്‌ സ്റ്റോപ്പുകൾ. പകൽ 12.50ന് എറണാകുളം സൗത്തിൽനിന്നും പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലും രാവിലെ 5.30ക്ക് ബംഗളൂരുവിൽനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ  2.20ന് എറണാകുളം സൗത്തിൽ എത്തും. Read on deshabhimani.com

Related News