നിപാ പ്രതിരോധം: സംസ്ഥാനം സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം > മലപ്പുറത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപാ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി പറഞ്ഞു. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപാ രോഗലക്ഷണങ്ങളുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതാണ്. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപന സാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്. ജില്ലയില്‍ പൊതുയിടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ ഐസൊലേഷനിലായിക്കണം. ഒരു വീട്ടില്‍ ഒരാളേ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളൂവെങ്കില്‍ പോലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. ഒരു തരത്തിലും ഭയപ്പെടേണ്ടതില്ല. ഏതെങ്കിലും തരത്തില്‍ ടെന്‍ഷനുള്ളവര്‍ ദയവായി കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക. ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. Read on deshabhimani.com