ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു



തൃശൂർ > ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരി (91) അന്തരിച്ചു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി നൂറിൽ താഴെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചു. വി എസ് കേരളീയൻ ട്രസ്റ്റ് അവാർഡ്, പി എ സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ കെ ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചു. കേരള- കാലിക്കറ്റ്-  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ വേലായുധൻ പണിക്കശ്ശേരിയുടെ പത്തോളം പുസ്തകങ്ങൾ പാഠ്യവിഷയങ്ങളായിരുന്നു. ചില പുസ്തകങ്ങൾ ഹിന്ദിയിലേക്കും തമിഴിലേക്കും ഇംഗ്ലിഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ഏങ്ങണ്ടിയൂർ സി കൃഷ്ണവിലാസം ഗ്രന്ഥശാലയിൽ നിന്ന് ലൈബ്രറേറിയൻ ആയി 1991ൽ റിട്ടയർ ചെയ്തു. ആർക്കിയോളജി സ്റ്റേറ്റ് അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. 'താളിയോല' എന്ന പേരിൽ മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു. സംസ്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ നടക്കും. പരേതരായ പണിക്കശ്ശേരി മാമു - കാളിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: വി കെ ലീല. മക്കൾ: ഡോ. ഷാജി (റിട്ട. വെറ്ററിനറി 1 ഡോക്ടർ ), ചിന്ത, വീണ. മരുമക്കൾ: ബിനു, രാധാറാം, മുരളി Read on deshabhimani.com

Related News