‘മറക്കില്ലൊരിക്കലും’: ‘നിത്യഹരിത’ നായികമാർക്ക് ചലച്ചിത്രമേളയുടെ ആദരം
തിരുവനന്തപുരം മലയാള സിനിമയ്‌ക്ക് അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച വെള്ളിത്തിരയിലെ നായികമാർക്ക് സംഗമമൊരുക്കി തലസ്ഥാന നഗരം. എൺപതുകൾവരെ മലയാളസിനിമകളിൽ നിറഞ്ഞുനിന്ന നടിമാർക്ക്, കേരള രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് വെള്ളിയാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ആദരമൊരുക്കിയത്. ‘മറക്കില്ലൊരിക്കലും’ എന്ന പേരിലായിരുന്നു പരിപാടി. കെ ആർ വിജയ, വിധുബാല, ഭവാനി (ലിസ), ശോഭ (ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തി കൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാകുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവർക്ക് സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉപഹാരങ്ങൾ നൽകി. കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്താണ് അർഹിക്കുന്ന വിധത്തിൽ കലാകാരന്മാർക്ക് ആദരം ലഭിക്കുന്നതെന്ന് മറുപടി പ്രസംഗത്തിൽ മല്ലിക സുകുമാരൻ പറഞ്ഞു. ‘‘അവകാശവാദങ്ങൾ പറയാൻ ഒരുപാട് കാണുമെങ്കിലും അത് പ്രാവർത്തികമാക്കാൻ കുറച്ച് പേർ മാത്രമേ കാണൂ എന്നതാണ് സത്യം. തങ്ങളെ ആരോർക്കാൻ എന്ന് ചിന്തിച്ചിരിക്കെയാണ് ഈ ആദരം ലഭിച്ചത്. വലിയ സന്തോഷം. ഈ സർക്കാരിനെ മറക്കില്ല’’–- നടിമാർക്കുവേണ്ടി സംസാരിച്ച മല്ലിക സുകുമാരൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, എക്സിക്യുട്ടീവ് ഡയറക്ടർ സി അജോയ്, സാംസ്കാരിക ഡയറക്ടർ ദിവ്യ എസ് അയ്യർ, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്‌മി, നടി കുക്കു പരമേശ്വരൻ എന്നിവരും സംസാരിച്ചു. മാനവീയം വീഥിയിൽ ഗാനമേളയും അരങ്ങേറി. സ്‌ത്രീപക്ഷസിനിമകളെയും വനിതാസംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മേളയിൽ വിവിധ വിഭാഗങ്ങളിലായി 52 വനിതാസംവിധായകരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. Read on deshabhimani.com