ഗുരുവായൂർ ക്ഷേത്രനടപ്പന്തലിൽ വീഡിയോഗ്രഫിക്ക് നിയന്ത്രണം
കൊച്ചി ഗുരുവായൂർ ക്ഷേത്രനടപ്പന്തലിൽ വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ എടുക്കുന്നത് ഹൈക്കോടതി വിലക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രഫിയും തടയണമെന്ന് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്‌റ്റിസ് പി ജി അജിത്കുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ ജസ്‌ന സലിം ക്ഷേത്രപരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട് നോർത്ത് പറവൂർ സ്വദേശി പി പി വേണുഗോപാൽ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നടപ്പന്തലിൽ ദർശനത്തിന് നിൽക്കുന്നവരോട് ജസ്‌നയും കൂട്ടരും തട്ടിക്കയറുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് വേണുഗോപാൽ ഹൈക്കോടതിയെ സമീപിച്ചത്. കിഴക്കേ ഗോപുരനടയിലെ ദീപസ്‌തംഭത്തിനു മുന്നിലെ ചിത്രീകരണവും തടഞ്ഞു. ഗുരുവായൂർ ക്ഷേത്രം പ്രത്യേക സുരക്ഷാമേഖലയാണെന്നും നടപ്പന്തലിൽ സംഘർഷമുണ്ടാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സുഗമമായ ക്ഷേത്രദർശനം ഒരുക്കുന്നതോടൊപ്പം അനധികൃത വീഡിയോഗ്രഫിക്കെതിരെ നടപടിയെടുക്കാനും ദേവസ്വം ബോർഡിനോട് നിർദേശിച്ചു. ഹർജി ഒക്‌ടോബർ 10ന് വീണ്ടും പരിഗണിക്കും. Read on deshabhimani.com