ദുരിതാശ്വാസ നിധി: അനർഹരെ കണ്ടെത്താൻ വിജിലൻസ്‌ പരിശോധന



കോട്ടയം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴി അനർഹർ ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടോയെന്ന്‌ കണ്ടെത്താൻ വിജിലൻസ്‌ പരിശോധന ആരംഭിച്ചു. ദുരിതാശ്വാസ നിധി സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ കെ 4 സെക്ഷനിലായിരുന്നു വിജിലൻസ്‌ കിഴക്കൻമേഖല ഡിവൈഎസ്‌പി എ കെ വിശ്വനാഥന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്‌. ഏജന്റുമാർ വഴി വ്യാജരേഖകൾ ഹാജരാക്കി ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.   മുണ്ടക്കയം സ്വദേശി കോട്ടയം കലക്ടറേറ്റിൽനിന്നും ഇടുക്കി കലക്ടറേറ്റിൽനിന്നും സിഎംഡിആർഎഫ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടുള്ളതായി കണ്ടെത്തി. കോട്ടയത്തുനിന്ന്‌ ഹൃദയസംബന്ധമായ രോഗചികിത്സക്ക്‌ 2017ൽ 5,000 രൂപ വാങ്ങിച്ചു. 2019ൽ ഇടുക്കി കലക്ടറേറ്റിൽനിന്ന്‌ 10,000 രൂപയും വാങ്ങി. 2020ൽ കോട്ടയം കലക്ടറേറ്റിൽനിന്ന്‌ ക്യാൻസർ ചികിത്സക്ക്‌ 10,000 രൂപ വാങ്ങിച്ചു. ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ്‌ നൽകിയത്‌ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടറാണെന്നും വിജിലൻസ്‌ പരിശോധനയിൽ വ്യക്തമായി.   കഴിഞ്ഞവർഷം ജില്ലയിൽ സിഎംഡിആർഎഫ്‌ ഫണ്ടിലേക്ക്‌ ലഭിച്ചത്‌ 12,000ത്തോളം അപേക്ഷകളാണ്‌. ആകെ ആറ്‌ കോടി രൂപ നൽകിയിട്ടുണ്ട്‌. നാനൂറ്‌ ഗുണഭോക്താക്കളെ വിജിലൻസ്‌ ഫോണിൽ ബന്ധപ്പെട്ട്‌ അന്വേഷിച്ചു. ഇതിൽ എഴുപതോളം പേർ തങ്ങൾക്ക്‌ പണം കിട്ടിയിട്ടില്ലെന്നാണ്‌ അറിയിച്ചത്‌. ഇവരുടെ അക്കൗണ്ടിലേക്ക്‌ പണം അയച്ചിരുന്നു. പണം ലഭിച്ചത്‌ ഇവർ അറിയാത്തതാണോ എന്ന് വിജിലൻസ്‌ വരുംദിവസങ്ങളിൽ പരിശോധിക്കും. ചികിത്സാസഹായം കൈപ്പറ്റിയവരുടെ അസുഖവിവരങ്ങളും നേരിട്ടെത്തി പരിശോധിക്കും.    അപേക്ഷകരുടെ വീടുകളിൽ വില്ലേജ്‌ ഓഫീസർ നേരിട്ടെത്തി പരിശോധിക്കണമെന്നാണ്‌ ചട്ടം. ഇക്കാര്യത്തിലും ചില വില്ലേജ്‌ ഓഫീസർമാർ വീഴ്‌ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News