മണിപ്പുർ കത്തുമ്പോൾ മോദി ലോകം ചുറ്റുന്നു: വിജു കൃഷ്‌ണൻ
പാറശാല> മണിപ്പുർ കത്തുമ്പോൾ മോദി ലോകം ചുറ്റുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്‌ണൻ പറഞ്ഞു. സിപിഐ എം കന്യാകുമാരി ജില്ലാ സമ്മേളന പൊതുസമ്മേളനം ശങ്കരയ്യർ നഗറിൽ (നാഗർകോവിൽ സ്‌റ്റേഡിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വർഷമായി തുടരുന്ന മണിപ്പുർ കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനാകാത്ത പ്രധാനമന്ത്രി ഉക്രയ്‌ൻ, ഇസ്രയേൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് പറയുന്നത് അപഹാസ്യമാണ്. മണിപ്പുർ കലാപത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെടുകയും അറുപതിനായിരത്തോളംപേർ ഭവനരഹിതരാകുകയുംചെയ്‌തിട്ടും കേന്ദ്രം നടപടിയെടുത്തില്ല. തൊഴിലുറപ്പ് വേതനം ഉയർത്തുമെന്ന് പറഞ്ഞെങ്കിലും തൊഴിൽദിനം വെട്ടിക്കുറച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്‌തെങ്കിലും കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക് തീറെഴുതിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് നൂർമുഹമ്മദ്, കെ കനകരാജ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ജി ഭാസ്‌കരൻ, ആർ ലീമാറോസ്, എ വി ബെല്ലാർമിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com