വിനിതയുടെ കൊലപാതകം; ക്രിമിനൽ ബുദ്ധി, അന്വേഷണ മികവിൽ കുടുങ്ങി

രാജേന്ദ്രനെ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ


പേരൂർക്കട > വിനിത കൊലക്കേസിൽ അറസ്‌റ്റിലായ പ്രതി രാജേന്ദ്രൻ കുപ്രസിദ്ധനായ കൊലയാളി. കവർച്ചയ്‌ക്കിടെ ചെറുത്താൽ കുത്തിക്കൊല്ലും. ഇതിനായി മൂർച്ചയേറിയ കത്തി സ്ഥിരമായി കൊണ്ടുനടക്കും. രക്ഷപ്പെടാനും ക്രിമിനൽ ബുദ്ധി സഹായം. വിനീതയെ കൊലപ്പെടുത്തി രക്ഷപ്പെട്ടതും ഈ ബുദ്ധിയാൽ. എന്നാൽ, പൊലീസിന്റെ മികച്ച അന്വേഷണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഇയാൾ വലയിലായി.   സംഭവത്തിനുശേഷം പിടിക്കപ്പെടാനുള്ള വഴികൾ ഒഴിവാക്കാൻ രാജേന്ദ്രൻ യാത്ര ചെയ്‌തത് വിവിധ വാഹനങ്ങളിലായാണ്. നിരീക്ഷണ കാമറകൾ ശ്രദ്ധയിൽപ്പെട്ടിടങ്ങളിലെല്ലാം ഇയാൾ മുഖം മറച്ചും കാമറയിൽനിന്ന് ഒഴിവായുമാണ് യാത്ര ചെയ്‌ത‌ത് . ആദ്യം അമ്പലംമുക്ക്‌ സാന്ത്വനാ ജങ്‌ഷനിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജിൽ ഇറങ്ങണമെന്നാവശ്യപ്പെട്ടശേഷം ആലപ്പുറം കുളത്തിന് സമീപം ഇറങ്ങി. അവിടെനിന്ന് വസ്ത്രം മാറിയശേഷം ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് ഉള്ളൂരിൽ ഇറങ്ങി. കുറെ സമയം ഇവിടെ കറങ്ങി നടന്ന ശേഷമാണ് മറ്റൊരു ഓട്ടോയിൽ തിരികെ പേരൂർക്കടയിലേക്ക് വന്നത്.   ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായർ പകൽ രണ്ടോടെ ഉള്ളൂരിൽനിന്ന് ടീ ഷർട്ടും പാന്റും ധരിച്ച ചെരിപ്പിടാത്തയാളാണ് ഓട്ടോയിൽ കയറിയത്. ഇയാളുടെ രൂപം നല്ലതല്ലാത്തതിനാൽ കാശുണ്ടോ എന്ന് ചോദിക്കുകയും പാന്റിന്റെ പോക്കറ്റിൽനിന്ന് 500 രൂപ എടുത്ത് നൽകുകയും ചെയ്‌തു. പ്രധാന വഴി ഒഴിവാക്കി ഊളംപാറ വഴി ചുറ്റിയാണ് ഇയാൾ തിരികെ വന്നത്. തുടർന്ന് പേരൂർക്കട ഇഎസ്ഐ ആശുപത്രിക്കു സമീപം എത്തിയപ്പോൾ അവിടെയിറങ്ങണം എന്നാവശ്യപ്പെട്ടു. ഇയാളുടെ രൂപത്തിൽ തന്നെ അസ്വാഭാവികത ഉണ്ടായിരുന്നതായി ഡ്രൈവർ മൊഴി നൽകി. ഇവിടെനിന്ന് നടന്നാണ് ജോലി ചെയ്തിരുന്ന ഹോട്ടലിൽ എത്തിയത്.   കൊലപാതകത്തിനിടെ കൈയിൽ മുറിവേറ്റിരുന്നു. കടയിലെത്തിയ രാജേന്ദ്രൻ കൈയിലെ മുറിവ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നതിനുമുമ്പ്‌ തേങ്ങ ചിരയ്‌ക്കുന്ന യന്ത്രത്തിൽ കൈകാട്ടി മനപ്പൂർവം ഒരു മുറിവ് കൂടി സൃഷ്ടിച്ചു. ഈ മുറിവിന് ചികിത്സ തേടാനായാണ് പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കുശേഷം കടയിൽ അവധിയാവശ്യപ്പെട്ടശേഷം തമിഴ്നാട്ടിലേക്ക് കടന്നെന്നും പൊലീസ് പറഞ്ഞു. മറ്റൊരു സ്‌ത്രീയെ
പിന്തുടർന്നു: 
ഇരയായത്‌ വിനിത   വിനിതയെ കൊലപ്പെടുത്തിയ രാജേന്ദ്രൻ ആദ്യം നോട്ടമിട്ടത്‌ മറ്റൊരു സ്‌ത്രീയെ. അമ്പലംമുക്കിലെ ഒരു സിസിടിവി കാമറയിൽ ഇത്‌ ദൃശ്യമാണ്‌. യുവതിക്ക്‌ പിറകെ പോയെങ്കിലും അവരെ കൂടുതൽ പിന്തുടരാനായില്ല. ആ സമയത്താണ്‌ കടയിൽ വിനിതയെ കണ്ടത്‌. തുടർന്ന്‌ നിരവധി തവണ വിവിധ ഭാഗങ്ങളിലെത്തി നിരീക്ഷണം നടത്തി ആരുമില്ലെന്ന്‌ ഉറപ്പാക്കിയാണ്‌ വിനിതയെ കീഴ്‌പ്പെടുത്തിയത്‌.   മോഷണ ശ്രമത്തിനിടെ വിനിത ചെറുത്തതോടെ കത്തിയെടുത്ത്‌ കുത്തി. തുടർന്ന്‌ കഴുത്തിൽനിന്ന്‌ മാലയെടുത്ത്‌ പുറത്ത്‌ പടിയിൽ അൽപ്പനേരം ഇരുന്നു. മരണം ഉറപ്പാക്കിയശേഷം പ്രതി തിരികെ പോയി. കാര്യമായ ഒരു തെളിവുമില്ലാത്ത കേസ്‌ സമർഥമായാണ്‌ പൊലീസ്‌ അന്വേഷിച്ച്‌ തെളിയിച്ചത്‌.   തമിഴ്‌നാട്ടിൽ 
ഇരട്ടക്കൊലക്കേസിലും പ്രതി   ഇയാൾക്കെതിരെ തമിഴ്‌നാട്ടിൽ അരൽവായ്മൊഴി സ്റ്റേഷൻ പരിധിയിൽ ഒരു കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ രണ്ടു കൊലക്കേസും ഉൾപ്പെടെ നാലു കൊലപതാക കേസും നിലവിലുണ്ട്. തമിഴ്നാട്ടിലെ അമ്പത്തൂർ, തൂത്തുക്കുടി, തിരുപ്പുർ തുടങ്ങിയ വിവിധ   സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. കൂടാതെ, തമിഴ്നാട്ടിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്.   ഡെപ്യൂട്ടി കമീഷണർ (ക്രമസമാധാനം) അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ കൺട്രോൾറൂം എസി പി പ്രതാപൻനായർ, കന്റോൺമെന്റ് എസിപി  ദിനരാജ്, നർകോട്ടിക് സെൽ എസിപി ഷീൻതറയിൽ, പേരൂർക്കട എസ്എച്ച്ഒ സജികുമാർ, മണ്ണന്തല എസ്എച്ച്ഒ  ബൈജു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്‌ഡ് ക്രൈംസ് ടീമും സംയുക്തമായാണ് അന്വേഷണം നടത്തിയത്‌.  പ്രതി സമാനമായ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും ഈ കൊലപാതകത്തിന്‌ മറ്റു സഹായികൾ ഉണ്ടോയെന്നും കണ്ടെത്തുന്നതിനായി പ്രതിയെ ചോദ്യംചെയ്‌തു വരുന്നു. Read on deshabhimani.com

Related News