യുകെയിൽ വിസ വാഗ്ദാനം: 14 ലക്ഷം തട്ടിയ യുവാവ്‌ അറസ്റ്റിൽ



തിരുവനന്തപുരം > യുകെയിൽ വിസ വാഗ്ദാനം ചെയ്ത് 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ ചാലോട്‌ മുഞ്ഞനാട്‌ വാണിയപ്പാറയിൽ അഭിലാഷ് ഫിലിപ്പ് (38) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ സ്വദേശിനിയും കോടതി ജീവനക്കാരിയുമായ യുവതിയിൽനിന്നാണ്‌ പണം തട്ടിയത്‌. "സ്റ്റാർ നെറ്റ്' ഇന്റർനാഷണൽ റിക്രൂട്ട്മെന്റ്‌ പ്രൈവറ്റ്  ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന ഇയാൾ വിദേശ രാജ്യങ്ങളിൽ ആകർഷകമായ ശമ്പളം ലഭിക്കുമെന്നും ജോലി തരപ്പെടുത്തി വിസ നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഫെയ്‌സ്‌ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ആകർഷകമായ രീതിയിൽ കമ്പനിയുടെ പ്രൊഫൈൽ നിർമിച്ച് ഉദ്യോഗാർഥികളെ വിശ്വസിപ്പിച്ചു. വ്യാജ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയാണ്‌ പലരിൽനിന്ന്‌ പണം കൈപ്പറ്റിയത്‌. ഈ തുക ഓസ്ട്രേലിയയിലുള്ള മറ്റൊരു കൂട്ടാളിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. നൂറ് കണക്കിന് ആളുകളിൽനിന്നായി പത്ത് കോടിയോളം രൂപ തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ, കല്ലമ്പലം, വിയ്യൂർ, എറണാകുളം ടൗൺ സൗത്ത്, പുത്തൻവേലിക്കര തുടങ്ങിയ പല പൊലീസ് സ്റ്റേഷനുകളിലായി അഭിലാഷിന്റെ പേരിൽ പത്തോളം കേസുണ്ട്. Read on deshabhimani.com

Related News