വിഴിഞ്ഞം 2028ൽ സമ്പൂർണ തുറമുഖമാകും : മുഖ്യമന്ത്രി
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം 2028ൽ തന്നെ സമ്പൂർണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2045ൽ സമ്പൂർണവും വിശാലവുമായ തുറമുഖമായി മാറണമെന്ന നിലയ്‌ക്കാണ് പദ്ധതി വിഭാവനം ചെയ്‌തത്. എന്നാൽ അതിനു 17 വർഷമുമ്പ് തന്നെ ലക്ഷ്യത്തിലെത്താനാകും. 10,000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇതിനുള്ള കരാർ വൈകാതെ ഒപ്പിടും. ആദ്യ ചരക്കുകപ്പലിനുള്ള സ്വീകരണവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽറണ്ണും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി യാഥാർഥ്യമായതോടെ കേരളത്തിന്റെ വികസനചരിത്രത്തിലെ സവിശേഷമായ ഒരധ്യായമാണ് തുറന്നത്. ലോകത്തിലെ വിരലിലെണ്ണാവുന്ന വൻകിട തുറമുഖത്തിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അഭിമാന മുഹൂർത്തമാണിത്. മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ്. അതിനായി വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ പരിവർത്തിപ്പിക്കും. ഈ മാറ്റം സാധ്യമാക്കുന്നതിൽ വ്യവസായ-വാണിജ്യ മേഖലയ്‌ക്ക് വലിയ പങ്ക് വഹിക്കാനാകും. അതിന് ഊർജം പകരുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പൂർത്തീകരണം. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ പ്രതിവർഷം 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാകും. 2016ൽ തുറമുഖവകുപ്പ് കൈകാര്യം ചെയ്‌ത മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുൻമന്ത്രി അഹമ്മദ് ദേവർകോവിലും പദ്ധതി യാഥാർഥ്യമാക്കാൻ അർപ്പണബോധത്തോടെ ശ്രമിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി 100 കോടി രൂപ ചെലവഴിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com