വികസനം നങ്കൂരമിടും ; വിഴിഞ്ഞം–കൊല്ലം–പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാമുനമ്പിന് കിഫ്‌ബി അനുമതി
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യമിട്ടുള്ള വിഴിഞ്ഞം–- കൊല്ലം–- പുനലൂർ വ്യാവസായിക സാമ്പത്തിക വളർച്ചാമുനമ്പിന് കിഫ്‌ബി അനുമതി. രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായി കമീഷൻ ചെയ്യാനിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ഈ പദ്ധതി. സ്ഥലമേറ്റെടുക്കലിന് കിഫ്‌ബി ആയിരം കോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ തീരപ്രദേശങ്ങളെയും മധ്യ–- മലയോര മേഖലകളെയും പ്രധാന റോഡ്–- റെയിൽ–- ഇടനാഴികളെയും പദ്ധതിയുടെ ഭാഗമാക്കും. തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ അനുബന്ധ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. വ്യാപാരം മെച്ചപ്പെടുന്നതിലൂടെ സംസ്ഥാനത്തിന്റെ വളർച്ചാനിരക്ക് വർധിക്കും. ഗ്രോത്ത് ട്രയാംഗിൾ, വളർച്ചാ നോഡുകൾ, സബ് നോഡുകൾ, ഇടനാഴികൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള വ്യാവസായിക മേഖല സൃഷ്ടിച്ച് ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ സംയോജനം സാധ്യമാക്കും. വളർച്ചാ ഇടനാഴികൾ വിഴിഞ്ഞം–- കൊല്ലം–- പുനലൂർ വളർച്ചാ ഇടനാഴിക്കുള്ളിലെ വികസന നോഡുകൾ ബന്ധിപ്പിക്കാൻ ഗതാഗത ഇടനാഴികൾ പ്രധാനമാണ്. വിഴിഞ്ഞം–-കൊല്ലം ദേശീയപാത, കൊല്ലം–- ചെങ്കോട്ട ദേശീയപാത, ഗ്രീൻഫീൽഡ്, കൊല്ലം–- ചെങ്കോട്ട റെയിൽപാത, പുനലൂർ–-നെടുമങ്ങാട്–- വിഴിഞ്ഞം റോഡ് എന്നിവയാണ് വളർച്ചാമുനമ്പിന്റെ മൂന്ന് വശങ്ങൾ. പദ്ധതി പ്രദേശത്തിനുള്ളിലുള്ള തിരുവനന്തപുരം ഔട്ടർറിങ് റോഡും വിഴിഞ്ഞം–-നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കരുത്തേകും. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിതനിലവാരം ഉയർത്തുകയുംചെയ്യും. ഭാവിയിൽ, കൊല്ലത്തുനിന്ന് ആലപ്പുഴ വഴി കൊച്ചിയിലേക്കും പുനലൂരിൽനിന്ന് പത്തനംതിട്ടയിലേക്കും എംസി റോഡ് വഴി കോട്ടയത്തേക്കും ഇടനാഴിയെ ബന്ധിപ്പിക്കും. സമുദ്രോൽപ്പന്ന ഭക്ഷ്യസംസ്കരണവും കയറ്റുമതിയും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ, ഐടി/ഐടിഇഎസ്/ബഹിരാകാശ മേഖല, ഗതാഗതവും ലോജിസ്റ്റിക്സും, പുനരുപയോഗ ഊർജം, അസംബ്ലിങ് യൂണിറ്റുകൾ, മെഡിക്കൽ ടൂറിസം/ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ ഏഴ് വ്യവസായ മേഖലകൾ പദ്ധതിയുടെ ഭാഗമാകും. മൂന്നുവർഷത്തിനകം മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com