വിഴിഞ്ഞത്ത്‌ വമ്പൻ ചരക്കുകപ്പൽ ഡെയ്‌ല ഇന്ന്‌ എത്തും ; 
ഉറ്റുനോക്കി കമ്പനികൾ



തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത്‌ മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) വമ്പൻ ചരക്കുകപ്പൽ ഡെയ്‌ല വെള്ളിയാഴ്ച എത്തും. വൈകിട്ട്‌ അഞ്ചോടെ കപ്പൽ തീരത്തടുക്കും. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന്‌ 13,988 ടിഇയു വഹിക്കാൻ ശേഷിയുണ്ട്‌.  രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത്‌ ഇറക്കുമെന്നാണ്‌ സൂചന. ഇത്‌ കൊണ്ടുപോകാൻ രണ്ടുദിവസത്തിനുശേഷം എംഎസ്‌സിയുടെ ഫീഡർ വെസലായ അഡു 5 എത്തും. കേരളത്തിൽ പ്രാദേശിക ഓഫീസ്‌ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ എംഎസ്‌സി. കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ കപ്പലടുക്കുന്നതിന്‌ ഈടാക്കുക. പ്രതീക്ഷിക്കുന്ന കാര്യക്ഷമതയുണ്ടെങ്കിൽ രാജ്യത്തെ മറ്റ്‌ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും. മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം വിഴിഞ്ഞത്ത്‌ എത്തുന്ന കപ്പലാണ്‌ ഡെയ്‌ല. സാൻഫെർണാണ്ടോയേക്കാൾ വലുപ്പത്തിലും വാഹകശേഷിയിലും മുന്നിലാണ്‌ ഡെയ്‌ല. ജൂലൈ 11നാണ്‌ ആദ്യ ചരക്കു കപ്പൽ വിഴിഞ്ഞത്ത്‌ എത്തിയത്‌. വിസിലിന്‌ 2100 കോടി വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 2100 കോടി നബാർഡിൽനിന്നും വായ്‌പ എടുക്കും. ഇതുസംബന്ധിച്ച്‌ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) നബാർഡും കരാറായി. വിസിലിന്റെ ഓഫീസിൽ എംഡി ദിവ്യ എസ് അയ്യരും നബാർഡ്‌ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പുമാണ്‌ കരാറിൽ  ഒപ്പുവച്ചത്‌.  തിരിച്ചടവിന്‌ രണ്ടുവർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 15 വർഷത്തെ കാലാവധിയുണ്ട്‌. പ്രതിവർഷം 8.40 ശതമാനമാണ്‌ പലിശ. പുലിമുട്ട്‌ നിർമാണം, തുറമുഖ–-റെയിൽ കണക്റ്റിവിറ്റിക്ക്‌ ഭൂമി ഏറ്റെടുക്കൽ, ഭൂഗർഭ റെയിൽ കണക്റ്റിവിറ്റി പദ്ധതിയുടെ പ്രാഥമിക ധനസഹായം എന്നിവയ്ക്ക്‌ തുക ‌വിനിയോഗിക്കും. ഇതോടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്ത മുഴുവൻ തുകയും ലഭിച്ചതായി വിസിൽ അധികൃതർ പറഞ്ഞു. തുറമുഖത്തിന്റെ രണ്ടുമുതൽ നാലുഘട്ടംവരെ നിർമാണത്തിനുള്ള തുക മുഴുവൻ വഹിക്കേണ്ടത്‌ അദാനി കമ്പനിയാണ്‌. ഇതിന്‌ 10,000 കോടി രൂപ ചെലവഴിക്കുമെന്നാണ്‌ സൂചന. 2028 ആകുമ്പോഴേക്കും സമ്പൂർണ തുറമുഖമായി വിഴിഞ്ഞം മാറും. Read on deshabhimani.com

Related News