വിഴിഞ്ഞം തുറമുഖം ; വിവിയാന എത്തി , പിറകെ 5 കപ്പലുകൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ എംഎസ്‌സി വിവിയാന


തിരുവനന്തപുരം മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ (എംഎസ്‌സി) ഒരുകൂട്ടം മദർഷിപ്പുകൾ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തേക്ക്‌ വരുന്നു. അഞ്ചുകപ്പലാണ്‌ ലോകത്തിന്റെ വിവിധ തുറമുഖങ്ങളിൽനിന്ന്‌ വിഴിഞ്ഞം ലക്ഷ്യമായി നീങ്ങുന്നത്‌. കേരളപ്പിറവി ദിനത്തിൽ വിവിയാന എത്തി. 400 മീറ്റർ നീളമുള്ളതാണ്‌ കപ്പൽ. കണ്ടെയ്‌നർ ഇറക്കി ശനിയാഴ്‌ച തുറമുഖം വിട്ടേക്കും. ട്രയൽ റൺ നടക്കുന്ന തുറമുഖത്ത്‌ എത്തിയ 38ാമത്തെ  കപ്പലാണ്‌ വിവിയാന. ഇതുവരെ എത്തിയ 30 കപ്പലും എംഎസ്‌സിയുടേതാണ്‌. എൺപതിനായിരത്തോളം കണ്ടെയ്‌നർ കൈകാര്യം ചെയ്‌തുകഴിഞ്ഞു. തുറമുഖം കമീഷൻ ചെയ്യുന്ന ഡിസംബറിൽ ആകുമ്പോഴേക്കും ഒരുലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ്‌ തുറമുഖ അധികൃതർ. അതേസമയം, അന്താരാഷ്‌ട്ര കപ്പൽച്ചാലിന്‌ അടുത്ത്‌ മദർഷിപ്പുകൾക്ക്‌ വേഗത്തിൽ അടുക്കാനുള്ള തുറമുഖം സജ്ജമാക്കിയിട്ടും കേരളത്തോട്‌ കേന്ദ്രസർക്കാർ കാണിക്കുന്ന നിഷേധം ചർച്ചയാകുകയാണ്‌. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ നൽകേണ്ട വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌ (വിജിഎഫ്‌) ഇതുവരെ നൽകിയില്ല. 817.80 കോടി രൂപയാണ്‌ നൽകേണ്ടത്‌. അത്‌ വായ്‌പയായി നൽകാമെന്നാണ്‌ കേന്ദ്രം അറിയിച്ചത്‌. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ സംസ്ഥാന മന്ത്രിസഭായോഗം മുമ്പ്‌ തന്നെ അംഗീകാരം നൽകിയിരുന്നു. അത്‌ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേന്ദ്രസർക്കാർ  പൊതുതെരഞ്ഞെടുപ്പുവരെ അത്‌ നീട്ടി കൊണ്ടുപോയി. തുടർന്നാണ്‌ നിലപാട്‌ മാറ്റമുണ്ടായത്‌. അത്യാധുനിക ഉപകരണങ്ങളും അത്യാധുനിക ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളും ഉള്ള ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ്‌ വിഴിഞ്ഞം. കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന  വലിയ പദ്ധതി കൂടിയാണിത്‌. കപ്പൽ വഴിയുള്ള ഇന്ത്യയുടെ ചരക്ക്‌ ഗതാഗതത്തിൽ വലിയ പങ്കാണ്‌ തുറമുഖം വഹിക്കാൻ പോകുന്നത്‌. എംഎസ്‌സിയുടെ പടുകൂറ്റൻ മദർഷിപ്പായ ‘ക്ലോഡ്‌ ഗിറാർഡെറ്റ്‌’ സെപ്‌തംബറിൽ വിഴിഞ്ഞത്ത്‌ എത്തിയിരുന്നു.  ദക്ഷിണേഷ്യയിൽ ആദ്യമായിട്ടാണ്‌ ഈ കപ്പൽ എത്തിയത്‌. Read on deshabhimani.com

Related News