കൂറ്റൻ ചരക്കുകപ്പൽ ‘റോമ’ 
വിഴിഞ്ഞത്തേക്ക്‌; ഫീഡർ കപ്പൽ നാവിയോസ് ടെംപോ മടങ്ങി



തിരുവനന്തപുരം> ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ഷിപ്പിങ്‌ കമ്പനിയുടെ കപ്പൽ വെള്ളിയാഴ്‌ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ എത്തും. മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി (എംഎസ്‌സി)യുടെ റോമ എന്ന കപ്പലാണ്‌ വരുന്നത്‌. 337 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ളതാണ്‌ കപ്പൽ. വിഴിഞ്ഞത്ത്‌ എത്തിയതിൽ ഏറ്റവും വലിയ കപ്പലാണിത്‌. 18 വർഷമാണ്‌ പഴക്കം. പാരീസിൽനിന്ന്‌ പുറപ്പെട്ട കപ്പൽ കൊളംബോയിൽ അടുത്തിരുന്നു. അവിടെനിന്നാണ്‌ വിഴിഞ്ഞത്തേക്ക്‌ വരുന്നത്‌. ചരക്ക്‌ കൊണ്ടുപോകാനെത്തിയ രണ്ടാമത്തെ ഫീഡർ കപ്പലായ നാവിയോസ് ടെംപോ വിഴിഞ്ഞുനിന്ന്‌ തിങ്കൾ പകൽ 12.30ന്‌ മടങ്ങി. ചെന്നൈ എന്നോർ തുറമുഖത്തേക്കാണ്‌ കപ്പൽ യാത്ര തിരിച്ചത്‌. വിഴിഞ്ഞത്തേക്ക്‌ വന്ന ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോയിലും ആദ്യ ഫീഡർ കപ്പലായ മറിൻ അസുറിലുമായി കൊണ്ടുവന്ന 863 കണ്ടെയ്നറുകൾ ഇതിൽ കയറ്റി. കണ്ടെയ്‌നർ കയറ്റാനുള്ള സമയം ഗണ്യമായി കുറയ്‌ക്കാനായതായി തുറമുഖ അധികൃതർ പറഞ്ഞു. ഒരുദിവസംകൊണ്ട്‌ കപ്പലിന്‌ മടങ്ങാനായത്‌ നേട്ടമാണെന്നും അവർ പറഞ്ഞു. രാജ്യത്തെ ആദ്യ ഓട്ടോമാറ്റഡ്‌ തുറമുഖമാണ്‌ വിഴിഞ്ഞം. കപ്പലിൽനിന്ന്‌ കണ്ടെയ്‌നറുകൾ ക്രെയിനുകൾ ഉപയോഗിച്ച്‌  ഇറക്കുന്നതും കയറ്റുന്നതും റിമോട്ട്‌ കൺട്രോളുകളാലാണ്‌. വരുംദിവസങ്ങളിൽ കൂടുതൽ ഫീഡർ കപ്പലുകളെത്തും. ഈ മാസം 11നാണ്  വിഴിഞ്ഞത്തേക്ക്‌ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ എത്തിയത്. വ്യാപാരസാധ്യത പഠിക്കും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സാധ്യത പഠിക്കാൻ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌  ലിമിറ്റഡ്‌ (വിസിൽ). എന്തൊക്കെ വ്യാപാരസാധ്യതകളാണ്‌ ഉള്ളതെന്നും അതിന്‌ പറ്റിയ ഭൂമി ഏതൊക്കെ എന്നറിയുകയുമാണ്‌ ലക്ഷ്യം. ഒക്‌ടോബറിൽ തുറമുഖത്തിന്റെ കമീഷനിങ് ഉണ്ടാകും. Read on deshabhimani.com

Related News