വിഴിഞ്ഞത്ത് എത്തിയത് 68000 കണ്ടെയ്‌നർ
തിരുവനന്തപുരം അറുപത്തിയെട്ടായിരം ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌ത് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. 28 ചരക്ക് കപ്പലിൽനിന്നായാണ് ഇത്. മാർച്ച് 31 വരെ 75,000 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യാനാണ് ലക്ഷ്യമിട്ടത്. മൂന്നു കപ്പലുകൂടി എത്തുന്നതോടെ ലക്ഷ്യം മറികടക്കുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. 29–-ാമത്തെ കപ്പൽ ചൊവ്വാഴ്‌ച എത്തും. എംഎസ്‌സിയുടെ പട്‌നാരിയാണിത്. 2023 ഒക്‌ടോബർ 15ന് ആണ് ആദ്യമായി മദർഷിപ് വിഴിഞ്ഞത്ത് എത്തിയത്. ചൈനയിൽനിന്ന് മൂന്ന് ക്രെയിനുമായാണ് ഷെൻഹുവ 15 എത്തിയത്. ഒക്ടോബർ 13ന് തീരത്ത് അടുത്തെങ്കിലും 15ന് ആയിരുന്നു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള സ്വീകരണം. ജൂലൈ 11ന് ആണ് തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്. ഒക്ടോബർ ഒന്നുവരെ നികുതി ഇനത്തിൽ 4.7 കോടി രൂപ ലഭിച്ചു. 19 കപ്പലിൽനിന്നുള്ള നികുതി വരുമാനം മാത്രമാണത്. 60,503 ടിഇയു കണ്ടെയ്‌നറാണ് അതുവരെ കൈകാര്യം ചെയ്‌തത്. തെക്കേ ഇന്ത്യൻ തുറമുഖങ്ങളിൽ മൊത്തം ഇറക്കിയ കണ്ടെയ്‌നറിന്റെ പത്തുശതമാനമെങ്കിലും വരും. നിലവിൽ ട്രാൻസ്‌ഷിപ്‌മെന്റാണ് തുറമുഖത്ത് നടക്കുന്നത്. മദർഷിപ്പുകളിൽനിന്ന് കണ്ടെയ്‌നർ ഇറക്കി ചെറുകപ്പലുകൾ എത്തി മറ്റു തുറമുഖങ്ങളിലേക്ക് ഇവ കൊണ്ടുപോകും. ഡിസംബറിനകം തുറമുഖത്തിന്റെ കമീഷനിങ് നടക്കുന്നതോടെ ഇത് ശക്തിപ്പെടും. രണ്ടാംഘട്ടം 2028ൽ പൂർത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. രണ്ടുമുതൽ നാലുഘട്ടംവരെ ഒറ്റ ഘട്ടമായാണ് നടക്കുക. ചരക്ക് കൊണ്ടുപോകാനുള്ള റിങ് റോഡ്, റെയിൽപ്പാത എന്നിവയുടെ നിർമാണത്തിനുള്ള പ്രവർത്തനവും നടന്നുവരികയാണ്. തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനായി ലോജിസ്റ്റിക് പാർക്കും സംസ്ഥാന സർക്കാർ സജ്ജമാക്കും. Read on deshabhimani.com