വിഴിഞ്ഞം തുറമുഖം: ഖജനാവിലെത്തിയത്‌ 4.7 കോടി രൂപ നികുതി



തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്ത്‌ എത്തിയ കപ്പലുകളിൽനിന്ന്‌  4.7 കോടി രൂപ നികുതിയിനത്തിൽ സർക്കാരിന്‌ ലഭിച്ചതായി മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത്‌ ഇതിനകം 29 കപ്പലുകൾ എത്തിയതിൽ 19 കപ്പലുകളിൽ നിന്നുള്ള നികുതി വരുമാനമാണ്‌ സർക്കാരിന്‌ ലഭിച്ചത്‌. സെപ്‌തംബർ 30 വരെയുള്ള കണക്കാണിത്‌. 50 ശതമാനം തദ്ദേശീയർക്ക്‌ വിഴിഞ്ഞം തുറമുഖത്ത്‌ തൊഴിലവസരം ലഭിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനകം 56 ശതമാനം പേർക്ക്‌ തൊഴിൽ ലഭിച്ചു. സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌ ക്രൂയിസ്‌ ഷിപ്പിങ്‌ പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള ഏജൻസികളിൽനിന്നും താൽപര്യപത്രം ക്ഷണിച്ചു. കേരളത്തിൽനിന്ന്‌ ഗൾഫ്‌ മേഖലയിലേക്ക്‌ യാത്രാക്കപ്പൽ സർവീസ്‌ നടത്താനായി നാല്‌ കമ്പനികൾ മുന്നോട്ടുവന്നു. ഇതിൽ രണ്ട്‌ കമ്പനികൾ യോഗ്യരാണ്‌. കപ്പലിന്റെ വിശദാംശങ്ങളടക്കം അന്തിമാനുമതിക്കായി കപ്പൽഗതാഗത ഡയറക്ടർ ജനറലിന്‌ അയക്കാൻ നിർദേശിച്ചു. ചെലവുകുറച്ച്‌ ഉപകാരപ്പെടുന്ന രീതിയിലുള്ള സർവീസ്‌ ആണ്‌ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News