വിഴിഞ്ഞത്തിനും വിലക്കോ ? കേരളത്തിലായതിനാൽ പൂർണമായും അവഗണിച്ച് കേന്ദ്രസർക്കാർ
തിരുവനന്തപുരം ഏറ്റവും വലിയ കപ്പൽ അടുക്കാൻശേഷിയുള്ള ഏക ഇന്ത്യൻതുറമുഖമായ വിഴിഞ്ഞം രാജ്യത്തിന് വൻനേട്ടമാകുമെങ്കിലും കേരളത്തിലായതിനാൽ പൂർണമായും അവഗണിച്ച് കേന്ദ്രസർക്കാർ. പദ്ധതി പൂർത്തിയാക്കില്ലെന്ന നിലപാടെടുത്തിരുന്ന കേന്ദ്രം, ട്രയൽ റൺ തുടങ്ങിയതോടെ എങ്ങനെ മുടക്കാമെന്ന ചിന്തയിലാണ്. ആദ്യ കപ്പലിന് അനുമതി നൽകുന്നതിലും ക്രൂ ചേഞ്ചിലും കേന്ദ്രം പലവിധത്തിൽ ഇടങ്കോലിട്ടു. അർഹതയുടെ അടിസ്ഥാനത്തിൽ ഗ്രാന്റായി നൽകാമെന്ന് ധാരണയായ 817.80 കോടിരൂപ പലിശസഹിതമുള്ള വായ്പയാക്കി മാറ്റിയതാണ് ഒടുവിലത്തെ ദ്രോഹം. ഗുജറാത്ത് അടക്കമുള്ള മറ്റു തുറമുഖങ്ങളെ സഹായിക്കാൻ അമാന്തം വരുത്താത്തവർ വിഴിഞ്ഞത്തിന് അവസരംനോക്കി ഇരുട്ടടി നൽകുകയാണ്. കൊളംബോയിലടുക്കുന്നവയിൽ ഭൂരിപക്ഷം കപ്പലും വിഴിഞ്ഞത്തെത്തും. ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായതിനാൽ ചെറുകപ്പലുകളുമെത്തും. 60 ലക്ഷം കണ്ടെയ്‌നറാണ് കൈകാര്യം ചെയ്യുക. വികസന, തൊഴിൽ സാധ്യത വർധിക്കും. ഷിപ്പിങ് കൂടാതെ ലോജിസ്റ്റിക്സ്, ഭക്ഷ്യസംസ്കരണം, ഹോസ്പിറ്റാലിറ്റി സാധ്യതകളുണ്ട്. 77 കി.മീ. നാലുവരി റിങ് റോഡ് സേവന–-വ്യാവസായിക രംഗത്ത് വലിയ മാറ്റംകൊണ്ടുവരും. റെയിൽ, വിമാന കണക്ടിവിറ്റി ഏറെ സഹായകം. ചരക്ക് എത്തിക്കാനും സൂക്ഷിക്കാനും തടസമില്ലാതെ വിതരണം ചെയ്യാനുമുള്ള വൻകിട ഹബ്ബാകും. ഇതെല്ലാം മനസിലാക്കിയാണ് സംസ്ഥാനത്തെ വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന കേന്ദ്രം പാര പണിയുന്നത്. എന്നാൽ, എല്ലാ തടസവും നേരിട്ട് പദ്ധതി കേരളത്തിന് പ്രയോജനകരമാക്കുകയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പദ്ധതി നടപ്പാകയൊനാവശ്യപ്പെട്ട് 2006ലും വേഗത്തിലാക്കാനാവശ്യപ്പെട്ട് 2013ലും പ്രക്ഷോഭം നടത്തിയത് എൽഡിഎഫാണ്. 2016ൽ അധികാരത്തിൽ വന്നതുമുതൽ ദിവസ പുരോഗതി വിലയിരുത്തുന്നു. പൊളിക്കാനാകില്ലെന്ന് ബോധ്യമായതോടെയാണ് വൈകിപ്പിക്കാനും സംസ്ഥാനത്തിന് അധിക ബാധ്യത വരുത്താനും കേന്ദ്രം ശ്രമിക്കുന്നത്. ഈ നിലപാടിനെ സംസ്ഥാന താൽപ്പര്യം മറന്ന് സഹായിക്കുകയാണ് പ്രതിപക്ഷം. ആദ്യ കപ്പൽ എത്തിയപ്പോഴും ഉടക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ക്രെയിനുകളുമായി എത്തിയ ഷെൻഹുവ 15ന് തീരത്ത് അടുക്കാൻ കാത്തിരിക്കേണ്ടിവന്നത് ദിവസങ്ങൾ. 32 ക്രെയിനുകളായിരുന്നു ചൈനയിൽനിന്ന് കൊണ്ടുവരേണ്ടിയിരുന്നത്. കേന്ദ്രസർക്കാർ കപ്പൽ അടുക്കാനുള്ള അനുമതി വൈകിപ്പിച്ചു. പലഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് അനുമതി നൽകിയത്. വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ്റോഡ് നിർമാണക്കരാർ ; ഒപ്പിടാതെ ദേശീയപാത അതോറിറ്റി വിഴിഞ്ഞം–- നാവായിക്കുളം ഔട്ടർ റിങ്‌റോഡ് (എൻഎച്ച് 866) നിർമാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടും നിർമാണക്കരാർ ഒപ്പിടാതെ ദേശീയപാത അതോറിറ്റി. റോഡിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കി മൂല്യം കുറയ്‌ക്കണമെന്നാണ് ദേശീയപാത അതോറിട്ടി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ പേരിൽ കരാർ ഒപ്പിടാതെ പദ്ധതി വൈകിപ്പിക്കുകയാണ് കേന്ദ്രം. കെട്ടിടങ്ങളുടെ കാലപ്പഴക്കം നിർണയിക്കണമെങ്കിൽ നടപടികൾ ഇനിയും വൈകുമെന്ന് അധികൃതർ പറയുന്നു. പഴയ കെട്ടിടങ്ങളുടെ വില കുറയുമെന്നതിനാൽ ഭൂമി വിട്ടുനൽകുന്നവരും ഈ തീരുമാനത്തെ എതിർക്കുകയാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെയും ദേശീയപാത അതോറിട്ടി എടുത്തിട്ടില്ല. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കം കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം ദേശീയപാത അതോറിട്ടി റോഡ് നിർമിക്കുന്നത്. ആകെ 24 വില്ലേജുകളിൽനിന്നായി 300 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 11 വില്ലേജുകളിലെ 100.8723 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അന്തിമ വിജ്ഞാപനമായ 3 ഡി ഒന്നര വർഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് നിർമാണക്കരാർ ഒപ്പിടുന്നത് വൈകിയതോടെ നടപടികൾ നിർത്തിവയ്‌ക്കുകയായിരുന്നു. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റൽ റീജിയൻ ഡെവലപ്‌മെന്റ് പ്രോജക്ട് രണ്ട് (സിആർഡിപി), പൊതുമരാമത്ത് വകുപ്പ് എന്നിവ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാരിന് മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50 ശതമാനം (ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും. സർവീസ് റോഡുകളുടെ നിർമാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ) മേജർ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ (എംഐഡിപി) ഭാഗമാക്കും. ഈ തുക അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകും. ജിഎസ്‌ടി ഇനത്തിൽ ലഭിക്കുന്ന 210.63 കോടി രൂപയും റോയൽറ്റി ഇനത്തിലുള്ള 10.87 കോടി രൂപയും സംസ്ഥാന സർക്കാർ വേണ്ടെന്നുവയ്‌ക്കും. വിജിഎഫ് വായ്പ കേരളത്തിന് ബാധ്യത തുറമുഖം നിർമിക്കാൻ നിക്ഷേപമിറക്കുന്നവർക്ക് നഷ്ടം നികത്താനായി നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് ( വിജിഎഫ്) വായ്പയായി നൽകുന്നത് നൽകുന്നത് കേരളത്തിന് ബാധ്യതയാകുമെന്ന് വിദഗ്‌ധർ. പുതുതായി ആരംഭിക്കുന്ന തുറമുഖം (ഗ്രീൻ ഫീൽഡ്) ലാഭകരമാകാൻ 30 വർഷമെടുക്കുമെന്നാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ പഠന റിപ്പോർട്ട്. നിർമാണം നടക്കുമ്പോഴാണ് കേന്ദ്രസർക്കാർ തുക നൽകേണ്ടത്. തുറമുഖം കമീഷൻ ചെയ്തശേഷം സംസ്ഥാനം തുക നൽകിയാൽ മതി. 2022 ൽ ചീഫ്‌സെക്രട്ടറി കേന്ദ്രഅധികൃതരുമായി നടത്തിയ ചർച്ചയിൽ തുക നൽകാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഗ്രാന്റ്, വായ്‌പയാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. കേരളത്തിന് 2034ൽ വരുമാനത്തിന്റെ ഒരുശതമാനം ലഭിക്കുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് വ്യവസ്ഥ. ഇത് 2049വരെ നൽകണം. വിഴിഞ്ഞത്തിന്റെ ആകെ പദ്ധതിത്തുക 2015ൽ 4089 കോടിരൂപയായാണ് കണക്കാക്കിയത്. അതിന്റെ 40 ശതമാനമാണ് വിജിഎഫ്. അതുപ്രകാരം 1635 കോടിരൂപയാണ് നൽകേണ്ടത്. കേന്ദ്രസർക്കാർ 817.80 കോടി രൂപയും സംസ്ഥാന സർക്കാർ 817.20 കോടി രൂപയും നൽകണം. കൂടുതൽ തുക ചെലവഴിച്ച, സാമ്പത്തികമായി പരിമിതിയുള്ള സംസ്ഥാനമെന്ന നിലയിലാണ് പത്തുവർഷം കഴിയുമ്പോൾ വരുമാനം പങ്കുവയ്‌ക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചത്. ഇതിൽ കൈകടത്തുകയാണ് കേന്ദ്രം. 817.80 കോടിരൂപയ്‌ക്ക് മൂല്യം കണക്കാക്കിയാണ് തുക നിശ്‌ചയിക്കുന്നത്. അത് കേരളത്തിന് ബാധ്യതയാകും. Read on deshabhimani.com