വിഴിഞ്ഞം: വിജിഎഫ് ഗ്രാന്റായി നൽകാൻ കേന്ദ്രത്തിന് ബാധ്യത
ഏറ്റുമാനൂർ വിഴിഞ്ഞം തുറമുഖത്തിന് വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) ഗ്രാന്റായി അനുവദിക്കില്ലെന്ന കേന്ദ്രസമീപനം നീതീകരണമില്ലാത്തതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. വിജിഎഫ് ഗ്രാന്റായി നൽകാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. അതിൽനിന്ന് പിന്മാറരുത്. വിഴിഞ്ഞത്തെ കസ്റ്റംസ് ഡ്യൂട്ടിയുടെ പ്രധാന പങ്കും കേന്ദ്രസർക്കാരിനാണ് ലഭിക്കുന്നത്. കൊളംബോ തുറമുഖത്തുനടന്നിരുന്ന ചരക്കുഗതാഗതത്തിൽ ഏറിയപങ്കും വിഴിഞ്ഞത്തേക്ക് വരുന്നതോടെ വൻലാഭം കേന്ദ്രത്തിനുണ്ടാകുമെന്നും ഏറ്റുമാനൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞു. ഇതുവരെ പദ്ധതിക്ക് കേന്ദ്രസഹായമില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് 817.80 കോടി രൂപ വിജിഎഫ് നൽകാൻ ശുപാർശ ചെയ്‌തത്. ആർബിട്രേഷൻ കേസുകൾ പിൻവലിച്ചാൽ വിജിഎഫ് നൽകാമെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, കേസ് പിൻവലിച്ചപ്പോൾ വായ്പയായി മാത്രമേ നൽകൂ എന്നായി. പലിശയടക്കം വായ്പ 10,000 കോടിമുതൽ 12,000 കോടിവരെ തിരിച്ചടയ്‌ക്കേണ്ടിവരും. വയനാട് ദുരന്തം പ്രധാനമന്ത്രി നേരിൽക്ക്‌ണ്ട് ബോധ്യപ്പെട്ടിട്ടും സഹായം തന്നില്ല. കേരളത്തോട് പകപോക്കൽ രാഷ്‌ട്രീയമാണ് കേന്ദ്രം കാണിക്കുന്നത്. ശബരിമലയിൽ പരാതിരഹിത തീർഥാടനം ശബരിമലയിൽ ഇക്കുറി പരാതിരഹിത തീർഥാടനമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇതിനകം 22.60 ലക്ഷം പേരെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടിരൂപ അധികവരുമാനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com