മാലിന്യക്കൂന പൂന്തോട്ടമായി ; വീണ്ടെടുത്തത്‌ 124 ഏക്കർ , 18 ഇടങ്ങളിലെ മാലിന്യക്കൂനകൾ നീക്കി



തിരുവനന്തപുരം മനോഹരമായ പൂന്തോട്ടങ്ങളും പാർക്കുകളുമായി കെട്ടിലും മട്ടിലും മാറുകയാണ്‌, മുമ്പ്‌ മാലിന്യം കുന്നുകൂടിക്കിടന്ന ഇടങ്ങൾ. കാലങ്ങളായി കുന്നുകൂടിക്കിടന്ന മാലിന്യം (ലെഗസി വേസ്റ്റ്‌) ബയോ മൈനിങ്ങിലൂടെ നീക്കി സ്ഥലങ്ങൾ വീണ്ടെടുക്കുകയാണ് സർക്കാർ. സംസ്ഥാനത്ത്‌ ഇതിനകം 18 ഇടങ്ങളിലെ മാലിന്യക്കൂനകളാണ്‌ നീക്കിയത്‌.  വീണ്ടെടുത്തത്‌ 123.6 ഏക്കർ ഭൂമി. നീക്കം ചെയ്തതാകട്ടെ 2.18 ലക്ഷം ക്യുബിക്‌ മീറ്റർ മാലിന്യം. തിരുവനന്തപുരം എരുമക്കുഴി, ഗുരുവായൂർ ചൂൽപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിൽ  ഇപ്പോൾ കുട്ടികളുടെ പാർക്കും ഉദ്യാനവും ഉയർന്നുകഴിഞ്ഞു. ബ്രഹ്മപുരത്തെ 40 ശതമാനം മാലിന്യം നീക്കി. 3.25 ലക്ഷം ടൺ മാലിന്യം മാറ്റി. ബിപിസിഎല്ലുമായിചേർന്ന് കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന് ബ്രഹ്മപുരത്ത് സർക്കാർ അംഗീകാരം നൽകി. വൈകാതെ നിർമാണം ആരംഭിച്ച്‌ 18 മാസംകൊണ്ട് മാലിന്യ സംസ്കരണം തുടങ്ങും. കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ അഞ്ചര ഏക്കർ മാലിന്യമല ഇന്ന്‌ ഓർമയാണ്‌. അന്താരാഷ്ട്ര റാംസർ തണ്ണീർത്തട പട്ടികയിൽപ്പെട്ട അഷ്ടമുടിക്കായലിന്റെ തീരത്തായിരുന്നു ഈ മാലിന്യക്കൂമ്പാരം. മാലിന്യം കുന്നുകൂടിക്കിടക്കുന്ന 38 കേന്ദ്രങ്ങളിൽ ബയോ മൈനിങ് പുരോഗമിക്കുന്നു. ഒരു വർഷത്തിനകം ഇത്‌ പൂർത്തിയാകും. ഇതിൽ 20 ഇടങ്ങളിൽ മാലിന്യം നീക്കുന്നത്‌ സംസ്ഥാന ഖര മാലിന്യ മാനേജ്മെന്റ്‌ പദ്ധതിയിലാണ്‌. 120 കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. നീക്കിയ മാലിന്യം തരംതിരിച്ച്‌, പുനരുപയോഗ യോഗ്യമായവ റീ സൈക്ലിങ്‌ ഫാക്ടറികൾക്ക്‌ നൽകും. മണ്ണും ജൈവവളവും കാർഷിക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കും. ഉപയോഗിക്കാനാകാത്തവ സംസ്ഥാനത്തിന്‌ പുറത്തുള്ള സിമന്റ്‌ ഫാക്‌ടറികൾക്ക്‌ നൽകും. Read on deshabhimani.com

Related News