ഫോർട്ട് കൊച്ചിയിൽ ജലമെട്രോ ബോട്ടുകൾ കൂട്ടിമുട്ടി
കൊച്ചി ഫോർട്ട് കൊച്ചിയിൽ ജലമെട്രോ ബോട്ടുകൾ കൂട്ടിമുട്ടിയത് പരിഭ്രാന്തിപരത്തി. ഞായർ പകൽ 12ന് ഫോർട്ട് കൊച്ചി ജലമെട്രോ ജെട്ടിയിലാണ് സംഭവം. 11.30ന് എറണാകുളത്തുനിന്ന് യാത്രക്കാരുമായി വന്ന ബോട്ടും ഫോർട്ട് കൊച്ചിയിൽനിന്ന് പുറപ്പെടുകയായിരുന്ന ബോട്ടുമാണ് കൂട്ടിമുട്ടിയത്. ഇരു ബോട്ടുകളുടെയും വേഗം കുറവായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫോർട്ട് കൊച്ചിയിൽനിന്ന് പുറപ്പെട്ട ബോട്ടിന്റെ എമർജൻസി വാതിലുകൾ, ഇടിയെത്തുടർന്ന് തുറന്നുപോയി. യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. അപകട സിഗ്നൽ അലറാം നിർത്താതെ അടിച്ചതും യാത്രക്കാരെ പരിഭ്രാന്തരാക്കി. ജെട്ടിയിൽ നിന്ന മറ്റു യാത്രക്കാരും ബഹളംവച്ചു. എന്നാൽ, ബോട്ടിലെ ജീവനക്കാർ ആശ്വസിപ്പിക്കാൻ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. റോ–-റോ കടന്നുപോകാൻ വേഗം കുറച്ചപ്പോൾ ബോട്ടുകൾ തമ്മിൽ ഉരസുകയായിരുന്നെന്ന് ജലമെട്രോ അധികൃതർ അറിയിച്ചു. അടിയന്തരനടപടികളുടെ ഭാഗമായാണ് അലാറം പ്രവർത്തിച്ചതും എമർജൻസി വാതിലുകൾ സ്വയം തുറന്നതും. ബോട്ടുകളും യാത്രക്കാരും സുരക്ഷിതരാണെന്നും കെഡബ്ല്യുഎംഎൽ അറിയിച്ചു. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന മൂന്ന് വ്ലോഗർമാർ ബോട്ടിന്റെ കൺട്രോൾ ക്യാബിനിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്നും സുരക്ഷാകാരണങ്ങളാൽ അനുവദിച്ചില്ലെന്നും മെട്രോ അധികൃതർ പറഞ്ഞു. എന്നാൽ, അവർ വീണ്ടും തള്ളിക്കയറാൻ ശ്രമിക്കുകയും ബോട്ട് ജീവനക്കാർ മോശമായി പെരുമാറിയെന്ന് ആരോപിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ജലമെട്രോ അധികൃതർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. Read on deshabhimani.com