ജലരാജൻ ജലമെട്രോ 
; യാത്രികർ 30 ലക്ഷത്തിലേക്ക്‌



കൊച്ചി സർവീസ്‌ ആരംഭിച്ച്‌ ആറുമാസത്തിനുമുമ്പുതന്നെ 10 ലക്ഷംപേർക്ക്‌ യാത്രയൊരുക്കി അതിശയിപ്പിച്ച കൊച്ചി ജലമെട്രോ, ഒന്നരവർഷം പൂർത്തിയാക്കുമ്പോൾ യാത്രികരുടെ എണ്ണം 30 ലക്ഷത്തിലേക്ക്‌. തിങ്കളാഴ്‌ചത്തെ കണക്കനുസരിച്ച്‌ 29,91,358 പേരാണ്‌ ഇതുവരെ ജലമെട്രോയുടെ അഞ്ച്‌ റൂട്ടുകളിൽ യാത്ര ചെയ്‌തത്‌. രണ്ടുദിവസത്തിനകം 30 ലക്ഷം പിന്നിടും. സംസ്ഥാന സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ജലമെട്രോ ഡിസംബറോടെ കൂടുതൽ ടെർമിനലുകളിലേക്ക്‌ സർവീസ്‌ തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌. ഡിസംബറിൽ 
മട്ടാഞ്ചേരിയിലേക്ക്‌ പത്ത്‌ ടെർമിനലുകളാണ്‌ ഇപ്പോൾ ജലമെട്രോയുടെ ഭാഗമായുള്ളത്‌. വൈറ്റില, കാക്കനാട്‌, ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌ കൊച്ചി, സൗത്ത്‌ ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, മുളവുകാട്‌ നോർത്ത്‌ എന്നിവ. മട്ടാഞ്ചേരി ടെർമിനലിന്റെ നിർമാണം അതിവേഗത്തിൽ പൂർത്തിയാകുന്നു. വരുംമാസങ്ങളിൽ പുതിയ ബോട്ടുകൾകൂടി എത്തുന്നതിനുപിന്നാലെ ഡിസംബറോടെ മട്ടാഞ്ചേരിയിലേക്കുള്ള സർവീസ്‌ ആരംഭിക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ഫോർട്ട്‌ കൊച്ചിക്ക്‌ പുറമെ പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി ടെർമിനൽകൂടി വരുന്നതോടെ ദിവസവുമുള്ള ജലമെട്രോ യാത്രികരുടെ എണ്ണത്തിൽ വൻ കുതിപ്പുണ്ടാകും. കുമ്പളം, ഐലൻഡ്‌ ടെർമിനലുകളുടെ നിർമാണവും പൂർത്തീകരണത്തിലാണ്‌. ഈ വർഷം 
4 ബോട്ടുകൂടി കൊച്ചി കപ്പൽശാലയിൽനിന്ന്‌ ജലമെട്രോയ്‌ക്കുള്ള നാല്‌ ബോട്ടുകൾകൂടി ഡിസംബറോടെ എത്തുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇപ്പോൾ 16 ബോട്ടാണുള്ളത്‌. അഞ്ച്‌ റൂട്ടുകളും. ആദ്യഘട്ടമായി 23 ബോട്ടുകളാണ്‌ കപ്പൽശാല നിർമിച്ചുനൽകേണ്ടത്‌. ശേഷിക്കുന്ന മൂന്നെണ്ണംകൂടി തുടർന്നുള്ള മാസങ്ങളിൽ എത്തുന്നതോടെ മട്ടാഞ്ചേരിക്ക്‌ പുറമെ കുമ്പളം, ഐലൻഡ്‌ ടെർമിനലുകളിലേക്കും സർവീസ്‌ ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ജലമെട്രോ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു. ഒന്നാമത്‌ 
ഫോർട്ട്‌ കൊച്ചി റൂട്ട്‌ ഹൈക്കോടതി ടെർമിനലിൽനിന്ന്‌ ഫോർട്ട്‌ കൊച്ചിക്കുള്ള റൂട്ടിലാണ്‌ യാത്രികരുടെ തിരക്കേറെയുള്ളത്‌. 15 മിനിറ്റ്‌ ഇടവേളയിലാണ്‌ ബോട്ടുള്ളത്‌. വിശേഷാവസരങ്ങളിൽ ചുരുങ്ങിയ ഇടവേളയിലും ബോട്ട്‌ ഓടിക്കുന്നുണ്ട്‌. വൈപ്പിൻ റൂട്ടിൽ 25 മിനിറ്റ്‌ ഇടവേളയിലാണ്‌ ഹൈക്കോടതിയിൽനിന്ന്‌ ബോട്ടുള്ളത്‌. ദൈർഘ്യമേറിയ ജലമെട്രോ റൂട്ട്‌ ഹൈക്കോടതി ടെർമിനലിൽനിന്ന്‌ ബോൾഗാട്ടി, മുളവുകാട്‌ നോർത്ത്‌ വഴി സൗത്ത്‌ ചിറ്റൂർവരെയുള്ളതാണ്‌. കായൽസൗന്ദര്യം ആസ്വദിച്ചുള്ള യാത്രാസമയം 40 മിനിറ്റ്‌. രാവിലെയും വൈകിട്ടും രണ്ട്‌ സർവീസ്‌ വീതമാണുള്ളത്‌. വൈറ്റില–-കാക്കനാട്‌, ഏലൂർ–-ചേരാനല്ലൂർ റൂട്ടുകളിൽ 25 മുതൽ 35 മിനിറ്റുവരെ ഇടവേളകളിൽ ബോട്ടുണ്ട്‌. Read on deshabhimani.com

Related News