തലസ്ഥാനത്ത്‌ കുടിവെള്ള പമ്പിങ്‌ തുടങ്ങി ; ഉയർന്ന സ്ഥലങ്ങളിൽ തിങ്കൾ വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലാകും



തിരുവനന്തപുരം തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിനായി ജലവിതരണ പൈപ്പ്‌ലൈൻ  മാറ്റിസ്ഥാപിക്കുന്നതിനാൽ നഗരത്തിൽ നാലുദിവസമായി മുടങ്ങിയ ജലവിതരണം വാട്ടർ അതോറിറ്റി  ഞായർ അർധരാത്രിയോടെ പുനഃസ്ഥാപിച്ചു. ഉയർന്ന സ്ഥലങ്ങളിൽ തിങ്കൾ വൈകിട്ടോടെ  ജലവിതരണം പൂർവസ്ഥിതിയിലാകും. പിടിപി ന​ഗറിൽനിന്നുള്ള 700 എംഎം ഡിഐ പൈപ്പ് ലൈൻ, നേമം ഭാ​ഗത്തേക്കുള്ള 500 എംഎം ജലവിതരണ ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികൾമൂലമാണ്‌ ജലവിതരണം മുടങ്ങിയത്‌. കരമന മേലാറന്നൂർ സിഐടി ഭാഗത്ത്‌ റെയിൽവേ ലൈനിന്‌ അടിയിലെ 700 എംഎം പൈപ്പ് മാറ്റുന്ന പ്രവൃത്തി ശനി രാത്രിയോടെ 95 ശതമാനം പൂർത്തിയായിരുന്നു. എന്നാൽ വാൽവിൽ ചോർച്ചയുണ്ടായതോടെ വീണ്ടും അഴിച്ച്‌ ബന്ധിപ്പിക്കേണ്ടി വന്നു. പിടിപി നഗറിൽനിന്നുള്ള ജലവിതരണം നിർത്തിവച്ചാലേ പ്രവൃത്തി പൂർത്തിയാക്കാനാകുമായിരുന്നുള്ളൂ. പിടിപി ന​ഗ‍റിലെ കുടിവെള്ള ടാങ്കുകളിൽനിന്ന്‌ ജലം ലഭിക്കുന്ന വട്ടിയൂർക്കാവ്, ശാസ്തമം​ഗലം ഭാ​ഗങ്ങളിൽ ഇതോടെ  കുടിവെള്ള വിതരണം മുടങ്ങി. ശനി രാവിലെ ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും പുതിയ വാൽവ് സ്ഥാപിക്കുന്നതിനിടെ വീണ്ടും സാങ്കേതികപ്രശ്നങ്ങളുണ്ടായി. ഇതോടെ  പമ്പിങ് പൂർണമായി നിർത്തിവച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരും ഞായറാഴ്ച സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്ത്‌ പ്രവൃത്തി വിലയിരുത്തി. കോർപറേഷനിലെ 45 വാർഡുകളിലാണ്‌ ജലവിതരണം മുടങ്ങിയത്‌. കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കറുകളിൽ ജലവിതരണം നടത്തി. Read on deshabhimani.com

Related News