വയനാട്ടിൽ 
ആദ്യ ഉപതെരഞ്ഞെടുപ്പ്‌



കൽപ്പറ്റ വയനാട്‌ ലോക്‌സഭാ മണ്ഡലം രൂപീകരിച്ചശേഷം ആദ്യ ഉപതെരഞ്ഞെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ ഗാന്ധി മണ്ഡലം ഉപേക്ഷിച്ചതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. 2009ൽ ആണ്‌ വയനാട്‌ മണ്ഡലം രൂപീകരിക്കുന്നത്‌. ആദ്യ തെരഞ്ഞെടുപ്പ്‌ മുതൽ യുഡിഎഫ്‌ എംപിയാണ്‌. 2009, 2014 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം ഐ ഷാനവാസ്‌ എംപിയായി. 2019ലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റായ്‌ബറേലിയിലും വിജയിച്ചതോടെ രാഹുൽ വയനാട്‌ ഉപേക്ഷിച്ചു. റായ്‌ബറേലിയിൽ മത്സരിക്കുന്നത്‌ മറച്ചുവച്ചാണ്‌ വയനാട്ടിൽ ജനവിധി തേടിയത്‌. 2019നെക്കാൾ ഭൂരിപക്ഷവും വോട്ടും കഴിഞ്ഞതവണ കുറഞ്ഞു. വയനാട്‌ ജില്ല പൂർണമായും (കൽപ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങൾ) മലപ്പുറത്തെ നിലമ്പൂർ, ഏറനാട്‌, വണ്ടൂർ മണ്ഡലങ്ങളും കോഴിക്കോട്ടെ തിരുവമ്പാടി നിയമസഭാ മണ്ഡലവും ഉൾപ്പെടുന്നതാണ്‌ വയനാട്‌ ലോക്‌സഭാ മണ്ഡലം. 2019ൽ ലഭിച്ചതിനെക്കാൾ 4.95 ശതമാനം വോട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക്‌ കുറഞ്ഞു. ഭൂരിപക്ഷത്തിൽ 67,348 വോട്ടിന്റെ കുറവുമുണ്ടായി. എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ആനി രാജ 2019ന്‌ എൽഡിഎഫ്‌ നേടിയതിനെക്കാൾ 8426 വോട്ട്‌ കൂടുതൽ നേടി. ഒരുശതമാനം വോട്ട്‌ വർധിച്ചു. 2009ലെ തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ ഭൂരിപക്ഷം 1,53,439 ആയിരുന്നത്‌ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ 20,870 ആയി ഇടിഞ്ഞു. Read on deshabhimani.com

Related News