വയനാട്‌ കോൺഗ്രസിൽ കലാപം ; യുഡിഎഫ്‌ ജില്ലാ കൺവീനർ രാജിവച്ചു



വയനാട്‌ കോൺഗ്രസിൽ വീണ്ടും കലാപം. ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ കെപിസിസി അംഗം കെ കെ വിശ്വനാഥൻ യുഡിഎഫ്‌ വയനാട്‌ ജില്ലാ കൺവീനർ സ്ഥാനം രാജിവച്ചു. കോൺഗ്രസ്‌ നേതാവും മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്റെ സഹോദരനാണ്‌. ചൊവ്വാഴ്ച കൽപ്പറ്റയിൽ വാർത്താസമ്മേളനം വിളിച്ചായിരുന്നു രാജി പ്രഖ്യാപനം. കോൺഗ്രസിനുള്ളിൽ നീറിപ്പുകഞ്ഞിരുന്ന ഗ്രൂപ്പുപോരും തർക്കങ്ങളുമാണ്‌ പൊട്ടിത്തെറിയിലേക്ക്‌ എത്തിയത്‌. മണ്ഡലം, ബ്ലോക്ക്‌ പുനഃസംഘടനകളിൽ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ ഐ വിഭാഗക്കാരെ പൂർണമായും ഒഴിവാക്കിയതിൽ  പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ വിശ്വനാഥൻ പറഞ്ഞു.  ജില്ലയിൽ കോൺഗ്രസിനെ നയിക്കുന്നത്‌ ഉപജാപക സംഘമാണ്‌. എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ്‌ ഏകപക്ഷീയമായി പെരുമാറുന്നു. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എ ഗ്രൂപ്പ്‌ നേതാക്കൾക്കാണ്‌ സംഘടനാ ഭാരവാഹിത്വം നൽകുന്നത്‌. പാർടി വിരുദ്ധരാണ്‌ പലയിടത്തും ഭാരവാഹികൾ. കോൺഗ്രസ്‌  അനുദിനം തകരുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക്‌ ഭൂരിപക്ഷം കുറഞ്ഞത്‌ ഇതിന്റെ ഭാഗമാണ്‌.  കെപിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്ക്‌ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വിശ്വനാഥൻ പറഞ്ഞു. വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ രാജി. കെപിസിസി വർക്കിങ് പ്രസിഡന്റ്‌ ടി സിദ്ദിഖ്‌ ഉൾപ്പെടെയുള്ളവരാണ്‌ ജില്ലയിൽ കോൺഗ്രസിനെ നയിക്കുന്നത്‌. ഡിസിസി പ്രസിഡന്റിനെ നിഴലിൽ നിർത്തി സിദ്ദിഖ്‌ കാര്യങ്ങൾ നിർവഹിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്‌. മുൻ ഡിസിസി പ്രസിഡന്റ്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, എൻ ഡി അപ്പച്ചനെ ഫോണിൽ അസഭ്യം പറയുന്നത്‌ നേരത്തെ പുറത്തുവന്നിരുന്നു. Read on deshabhimani.com

Related News