വയനാട് ദുരന്തം: സർക്കാരിനും രക്ഷാദൗത്യസംഘത്തിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി



വയനാട് > വയനാട്ടിൽ സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി. ഉരുൾപൊട്ടലിൽ രക്ഷാദൗത്യത്തിനിറങ്ങിയ സംഘത്തിനും സർക്കാരിനും അദ്ദേഹം നന്ദി പറഞ്ഞു. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി ദുരന്തസ്ഥലം സന്ദർശിച്ചത് "വയനാടിനും കേരളത്തിനും രാജ്യത്തിനും ഇത് ഭയാനകമായ ദുരന്തമാണ്. വീടും കുടുംബവും നഷ്ടപ്പെട്ട മനുഷ്യരെ കാണുമ്പോൾ സങ്കടം തോന്നുകയാണ്. അവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കും. ഭരണകൂടം, ഡോക്‌ടർമാർ, നഴ്‌സുമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുൾപ്പെടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു." രാഹുൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. "അച്ഛൻ മരിച്ചപ്പോൾ ഉണ്ടായ അതേ വേദനയാണ് എനിക്കിപ്പോൾ അനുഭവപ്പെടുന്നത്. ഇവിടെയുള്ളവർക്ക് അച്ഛൻ മാത്രമല്ല കുടുംബം മുഴുവനും നഷ്ടമായിരിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും അവർ അർഹിക്കുന്നുണ്ട്. രാജ്യത്തിന്റെ കണ്ണുകൾ ഇപ്പോൾ വായനാട്ടിലേക്കാണ് ഉറ്റുനോക്കുന്നത്" അദ്ദേഹം കൂട്ടിച്ചേർത്തു. താനിതൊരു ദേശീയദുരന്തമായിത്തന്നെയാണ് കാണുന്നതെന്നും സർക്കാർ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്നു നോക്കാമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും പാർലമെന്റിൽ പ്രതിപക്ഷാം​ഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.   Read on deshabhimani.com

Related News