വയനാട്, തിരുവനന്തപുരം ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും



കൽപ്പറ്റ > സിപിഐ എം 24–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള വയനാട്‌, തിരുവനന്തപുരം  ജില്ലാ സമ്മേളനങ്ങൾ  ഇന്ന് സമാപിക്കും. സീതാറാം യെച്ചൂരി നഗറിൽ (വിഴിഞ്ഞം) നടക്കുന്ന പൊതുസമ്മേളനം വൈകിട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും പകൽ 2.30ന്‌ ആഴാകുളത്തുനിന്ന്‌ ആരംഭിക്കും. പൊതുസമ്മേളനത്തിനുശേഷം മുരുകൻ കാട്ടാക്കട നയിക്കുന്ന ഗാനനൃത്ത വിസ്‌മയ രാവ്‌ ‘മ’ഷോ അരങ്ങേറും. അതേസമയം വയനാട് സമ്മേളനത്തിൽ  ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും സജീവ ചർച്ചയായി. പ്രശ്‌നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം,  ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–-പടിഞ്ഞാറത്തറ ബദൽ പാത,  ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി. രാവിലെ  ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും  തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിക്കും. ഭാവി പ്രവർത്തനങ്ങളിൽ കൂടുതൽ തീരുമാനങ്ങളെടുക്കും. സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പകൽ മൂന്നിന്‌ റാലി ആരംഭിക്കും. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം)  പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ച്‌ അരനൂറ്റാണ്ട്‌ പിന്നിട്ടശേഷമുള്ള സമ്മേളനമാണ്‌ ഇത്തവണത്തേത്‌. നാലാം തവണയാണ്‌ സമ്മേളനത്തിന്‌ ബത്തേരി ആതിഥേയത്വം വഹിച്ചത്‌. Read on deshabhimani.com

Related News