ഉരുൾപൊട്ടലിന്‌ കാരണം കനത്ത മഴ ; ജിഎസ്‌ഐയുടെ പ്രാഥമിക റിപ്പോർട്ട്‌



തിരുവനന്തപുരം വയനാട്ടിലെ ചൂരൽമലയിലും  മുണ്ടക്കൈയിലും ഉരുൾപൊട്ടലിന് കാരണമായത്‌ കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ കൂടിയായപ്പോൾ ദുരന്തത്തിന്റ ആഘാതം പതിന്മടങ്ങായെന്നും റിപ്പോർട്ടിൽ പറയുന്നു.  സ്ഥലത്തിന്റെ ചെരിവ്‌, മണ്ണിന്റെ ദുർബല ഘടന തുടങ്ങിയവ ആഘാതം കൂട്ടി. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി പല ഉരുൾപൊട്ടലുകൾ ഉണ്ടാകുന്നുണ്ട്‌. ചൂരൽമല, മുണ്ടൈക്ക ഉരുൾപൊട്ടലിൽ ഏഴ് കിലോമീറ്റർ ദൂരം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷണങ്ങളും മണ്ണും ചെളിയും അതിവേഗത്തിൽ ഒഴുകിയെത്തി. അപകടമുണ്ടായ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലാണെന്നും ജിഎസ്‌ഐ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഉയർന്ന ചലനനിരക്കുള്ള ഉരുൾപൊട്ടലാണ്‌ ഉണ്ടായത്‌. അതുകൊണ്ടാണ്‌ ഏഴ്‌ കിലോമീറ്റർവരെ കുത്തിയൊലിച്ചത്‌. 10 അടി നീങ്ങാൻ സെക്കൻഡുപോലും വേണ്ടിവന്നില്ല.  ആദ്യഉരുൾപൊട്ടലിന്റെ തുടർച്ചയായി ഒന്നിലധികം ഉരുൾപൊട്ടലുകളുണ്ടായി. ഇത് ആ ഗ്രാമത്തെ ഏറെക്കുറെ തകർത്തു. ചാലിയാർ നദിയുടെ കൈവഴിയായ പുന്നപ്പുഴയുടെ ഉറവിടം തന്നെയാണ് മുണ്ടക്കൈ അവശിഷ്ടങ്ങളുടെ ഒഴുക്കിന്റെ ഉറവിടം. ഉറവിടത്തിൽ അവശിഷ്ട സ്ലൈഡായി ആരംഭിക്കുകയും ടൺകണക്കിന് പാറയും മണ്ണും വഹിച്ചുകൊണ്ട് ജലരൂപത്തിലുള്ള ചെളിയുമായി കലർന്ന്‌ അരുവിയുടെ പാത പിന്തുടരുകയും അത് ഒഴുകിയ ഭാഗങ്ങൾ നിരപ്പാക്കുകയും ചെയ്തു.  മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ശ്മശാനഭൂമിയാക്കി. കനത്ത മഴയും വൻ ഉരുൾപൊട്ടലും പുന്നപ്പുഴയുടെ ഗതി മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്‌. 2018ലെ മൺസൂണിലാണ്‌ പ്രഭവകേന്ദ്രത്തിൽ മണ്ണിടിച്ചിലിന്റെ യഥാർത്ഥ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ വിസ്തീർണ്ണം വർധിച്ചതായും കണക്കാക്കുന്നു.  നാഷണൽ ലാൻഡ്‌ സ്ലൈഡ് സസെപ്റ്റബിലിറ്റി മാപ്പിങ്‌ (എൻഎൽഎസ്എം) പ്രോഗ്രാമിന് കീഴിൽ തയ്യാറാക്കിയ സാധ്യതാ ഭൂപടം അനുസരിച്ച് ചൂരൽമല, മുണ്ടക്കൈ, വെള്ളാർമല, അട്ടമല എന്നിവ മോഡറേറ്റ് സസെപ്‌റ്റിബിലിറ്റി സോണുകളായി (എംഎസ്‌സെഡ്) അടയാളപ്പെടുത്തിയിട്ടുണ്ട്‌. ചുറ്റുമുള്ള കുന്നിൻ പ്രദേശങ്ങൾ അപകട സാധ്യതയുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com

Related News