സെയ്‌തലവിക്ക്‌ അരുമകളെ കിട്ടി; അഞ്ചാംനാളിൽ കരകയറ്റിയത് 
മിണ്ടാപ്രാണികളെയും

മുണ്ടക്കൈയിൽ അവശനിലയിൽ കണ്ടെത്തിയ പശുവിന്‌ 
രക്ഷാപ്രവർത്തകർ ഡ്രിപ്പ്‌ നൽകുന്നു


ചൂരൽമല > ഉരുളെടുത്ത മനുഷ്യർക്കായി മാത്രമല്ല അവർ തിരഞ്ഞുകൊണ്ടിരുന്നത്‌. ജീവന്റെ ഒരു കണിക ബാക്കിയുള്ള ജീവികളെ വരെ കരുതലോടെ കൈപിടിച്ചുയർത്തുകയാണ്‌. അതിൽ വളർത്തുമൃഗങ്ങളും  വന്യജീവികളും പക്ഷിയുമെല്ലാം ഉണ്ട്‌. ആ കരുതൽ കരങ്ങളാണ്‌ ഉരുൾപൊട്ടൽ കഴിഞ്ഞ്‌ അഞ്ചാം നാൾ കാട്ടിൽ അവശരായി കിടന്ന മൂന്ന്‌ പശുക്കൾക്ക്‌ രക്ഷകരായത്‌. മുറിവേറ്റും നിർജലീകരണം സംഭവിച്ചും വായിൽനിന്ന്‌ നുര വന്ന്‌ കിടക്കുകയായിരുന്നു അവ. ദുരന്തരാത്രിയിൽ ഭയന്നോടി കാട്ടിൽ അകപ്പെട്ടതാണ്‌. മൃഗസംരക്ഷണവകുപ്പ്‌ ഉദ്യോഗസ്ഥരും ഹ്യൂമൈൻ സൊസൈറ്റി പ്രവർത്തകരും സ്ഥലത്തെത്തി ആവശ്യമായ പരിചരണം നൽകി. മരുന്നും ഭക്ഷണവും വെള്ളവും കിട്ടിയതോടെ മൂന്നും എഴുന്നേറ്റു. അന്വേഷണത്തിൽ മുണ്ടക്കൈയിലെ സെയ്‌തലവിയുടെതാണ്‌ പശുക്കളെന്ന്‌ കണ്ടെത്തി. സെയ്‌തലവിയുടെ വീട്‌ പൂർണമായി തകർന്നിരുന്നു. ദുരന്തത്തിന്‌ മുമ്പേ ബന്ധുവീട്ടിലേക്ക്‌ മാറിയതിനാലാണ്‌ രക്ഷപ്പെട്ടത്‌. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന്‌ ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്‌. പരിക്കേറ്റ മൃഗങ്ങളെ ചികിത്സയ്‌ക്കുശേഷം ഏറ്റെടുക്കാൻ തയ്യാറുള്ളവരെ ഏൽപ്പിക്കും. കഴിഞ്ഞദിവസം രക്ഷിച്ച രണ്ട് നായ്‌ക്കുട്ടികളെ മിലിട്ടറിക്കും പൊലീസ് സ്‌പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു. Read on deshabhimani.com

Related News