വനത്തിൽ കുടുങ്ങിയവരെ ഹെലികോപ്‌ടറിൽ 
രക്ഷപ്പെടുത്തി

നിലമ്പൂർ ഭാഗത്ത് രക്ഷാപ്രവർത്തനം 
നടത്തുന്നതിനിടെ തിരച്ചിലിനിടയിൽ 
പാറയിടുക്കിൽ അകപ്പെട്ടവരെ എയർ ലിഫ്റ്റ് ചെയ്തു ചൂരൽമലയിൽ എത്തിച്ചപ്പോൾ


ചൂരൽമല > രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ്‌ വനത്തിൽ അകപ്പെട്ട സന്നദ്ധപ്രവർത്തകരെ വ്യോമസേനാ ഹെലികോപ്‌റ്ററിൽ രക്ഷപ്പെടുത്തി. മലപ്പുറം പോത്തുകല്ല്‌ സ്വദേശികളായ  മുഹ്‌സിൻ(28), കൊരമ്പയിൽ സാലിം(26), റഹീസ് എന്നിവരെയാണ്‌ തിരികെയെത്തിച്ചത്‌. വെള്ളിയാഴ്‌ച  ഉച്ചക്കാണ്‌ ഇവർ ചാലിയാറിൽനിന്ന്‌ ഒഴുകിയെത്തിയ മൃതദേഹങ്ങൾ തെരയുന്ന സംഘത്തിനൊപ്പം ചേർന്നത്‌. വൈകിട്ടോടെ മുഹ്‌സിൻ രക്തസമ്മർദം കുറഞ്ഞ്‌ അവശനായി. പാറയിൽനിന്ന്‌ വഴുതിവീണ്‌ കാലിനും പരിക്കേറ്റതോടെ മൂന്നുപേരും ഒറ്റപ്പെട്ടു. ഫോണും ഉണ്ടായിരുന്നില്ല. ഏന്തിയും വലിഞ്ഞും സൂചിപ്പാറയിൽ എത്തിയപ്പോഴേക്കും രാത്രിയായതിനാൽ രക്ഷപ്പെടൽ അസാധ്യമായി. ശനിയാഴ്‌ച വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ്‌ ഇവരെ കണ്ടെത്തിയത്‌. കാലിന്‌ പരിക്കേറ്റതിനാൽ പുറത്തെത്തിക്കൽ അസാധ്യമായതോടെ വ്യോമസേന ഹെലികോപ്‌റ്ററിൽ എത്തിച്ചു. പകൽ രണ്ടോടെ മുഹ്‌സിനെയും സാലിമിനെയും മുണ്ടക്കൈയിൽ ഹെലികോപ്‌റ്ററിൽ എത്തിച്ചു. തുടർന്ന്‌ പ്രഥമശുശൂഷ നൽകിയ ശേഷം വിംസ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. റഹീസിനെ വനംവകുപ്പിന്റെ ജീപ്പിലാണ്‌ പുറത്തെത്തിച്ചത്‌. Read on deshabhimani.com

Related News