തുന്നിയെടുക്കുന്നു, സ്‌നേഹത്തിന്റെ കുപ്പായങ്ങൾ
മേപ്പാടി > സ്‌നേഹത്താൽ ഷീബ തുന്നിയ കുപ്പായങ്ങൾ ക്യാമ്പിലെല്ലാവർക്കും പാകമാണ്. ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് പുതിയ വസ്ത്രങ്ങൾ ഏറെ കിട്ടിയെങ്കിലും പലർക്കും അവ പാകമായിരുന്നില്ല. പാകമാകാത്തവ മാറ്റിയെടുക്കാൻ മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിലെ വിതരണകേന്ദ്രത്തിൽ കൂടുതൽ പേരെത്തിയപ്പോഴാണ് വിഷയം അധികൃതരറിഞ്ഞത്. ഉടനെ മേപ്പാടിയിലെ ദേവാസ് സ്റ്റിച്ച് സെന്ററിലെ സുനിൽകുമാർ തയ്യൽ മെഷീൻ ക്യാമ്പിലെത്തിച്ചു. ഭാര്യയും സ്കൂളിലെ മാതൃസമിതി വൈസ് പ്രസിഡന്റുമായ ഷീബയും സുഹൃത്തുക്കളും തയ്യൽ ജോലിയും ഏറ്റെടുത്തു. അവരവരുടെ അളവിൽ കുപ്പായങ്ങൾ മാറ്റി തയ്‌ച്ചുകൊടുക്കുകയാണിവർ. പാകമാകാത്ത വസ്‌ത്രങ്ങളിട്ട് ആരും ക്യാമ്പിലുണ്ടാവേണ്ടെന്ന ഉദ്യോഗസ്ഥരുടെ നിർബന്ധവും ഇതിനു പിന്നിലുണ്ട്. ദുരിതാശ്വാസ ക്യാമ്പിലുള്ളരുടെ ചെറിയ പരാതികൾ പോലും കേട്ട് പരിഹരിക്കുകയാണ് അധികൃതർ. Read on deshabhimani.com