സൈന്യം മടിച്ചു;
യൂത്ത്‌ ബ്രിഗേഡ്‌ ഏറ്റെടുത്തു



ചൂരൽമല > സൈന്യം മടിച്ചയിടത്ത്‌ പരിശോധന നടത്തി  യൂത്ത്‌ ബ്രിഗ്രേഡ്‌. വെള്ളി രാത്രി മുണ്ടക്കൈയിലാണ്‌ ഡിവൈഎഫ്‌ഐ സേവനസന്നദ്ധതയുടെ പുതുചരിത്രം രചിച്ചത്. യുവതയുടെ ആത്മാർഥതയ്‌ക്ക്‌ ഒടുവിൽ സൈന്യത്തിന്റെ സല്യൂട്ട്‌. വെള്ളി വൈകിട്ട്‌ അഞ്ചോടെ തിരച്ചിൽ നിർത്തി മുണ്ടക്കൈയിൽനിന്ന്‌ മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സൈനികർ. ഈ സമയമാണ്‌ ചെളിമൂടി കിടക്കുന്ന കലുങ്കിന്‌ മുകളിൽ  റഡാർ പരിശോധനയിൽ പുതിയ സിഗ്‌നൽ ലഭിച്ചത്‌. ഏഴ്‌ ശതമാനം വരെയുള്ള സിഗ്‌നലായിരുന്നു അത്‌. കലുങ്കിനുള്ളിൽ ആരെങ്കിലും കുടുങ്ങിയോ എന്ന സംശയം ബലപ്പെട്ടു. അവിടെ പൂർണമായും  അടിഞ്ഞുകൂടിയ ചെളി  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌  നീക്കാനാവുമായിരുന്നില്ല.  അതിലിറങ്ങുന്നത്‌ അപകടമാണെന്ന ആശങ്ക പരന്നു. കലുങ്കിലിറങ്ങണമെന്ന ആവശ്യം മുഖവിലക്കെടുക്കാതെ സൈന്യം മടങ്ങാനൊരുങ്ങി.  ഇതേച്ചൊല്ലി പ്രദേശവാസികളും സൈനികരും തർക്കമായി.  ഈ സമയം  ഞങ്ങൾ കലുങ്കിലിറങ്ങാമെന്ന്‌ പറഞ്ഞ്‌  ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മുന്നോട്ടുവന്നു. താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിക്ക്‌ കീഴിലെ യൂത്ത്‌ ബ്രിഗേഡ്‌ അംഗങ്ങളായ സാലിം കരുവാറ്റ, പി സിയാദ്‌, പി കെ ശ്രീക്കുട്ടൻ, സി കെ ലാലു, പി പിഅജ്‌മൽ എന്നിവരാണ്‌ സംഘത്തിലുണ്ടായത്‌.  സൈന്യം മടിച്ചയിടത്ത്‌ ആറ്‌ പേരടങ്ങിയ സംഘം കലുങ്കിനുള്ളിലിറങ്ങി. ഏറെ ക്ലേശപ്പെട്ട്‌ ചെളി നീക്കി. പരിശോധനയിൽ അവിടെ മനുഷ്യ സാന്നിധ്യം ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തി.    ഇതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കലുങ്ക്‌  പരിശോധിക്കാൻ സൈന്യത്തിന്‌ നിർദേശമെത്തി.  റഡാറിൽ സിഗ്‌നൽ ലഭിച്ചാൽ സമീപ ഭാഗങ്ങളിലും പരിശോധിക്കണം. യൂത്ത്‌ ബ്രിഗേഡിന്റെ സന്നദ്ധതയെ അഭിനന്ദിച്ച സൈനികർ തുടർ പരിശോധനയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ മാത്രം നിന്നാൽ മതിയെന്നും മറ്റുള്ളവരോട് മാറി നിൽക്കാനും നിർദേശിച്ചു.   ഡിവെഎഫ്‌ഐ പ്രവർത്തകർ ചെളി മൂടിക്കിടന്ന തൊട്ടടുത്ത കടമുറി തുറന്ന്‌ പരിശോധിച്ച് മനുഷ്യ സാന്നിധ്യം ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തി. Read on deshabhimani.com

Related News