വനത്തിൽ തേനെടുക്കുന്നതിനിടെ അപകടം: പിഞ്ചുകുഞ്ഞടക്കം 2 പേർ മരിച്ചു
കൽപ്പറ്റ> വനത്തിൽ തേനെടുക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. വയനാട്–-മലപ്പുറം അതിർത്തിയിലുള്ള പരപ്പൻപാറ ചോലനായ്‌ക്ക കോളനിയിലെ രാജനും (47), ബന്ധു മലപ്പുറം കുമ്പളപ്പാറയിലെ സുനിലിന്റെ നാല് മാസമായ മകനുമാണ് മരിച്ചത്. ഞായർ പുലർച്ചെയാണ് അപകടം. രാജൻ അടക്കമുള്ള 15 അംഗ സംഘം പരപ്പൻപാറ കോളനിക്ക് സമീപത്തെ വനത്തിൽ ശനിയാഴ്‌ച രാത്രിയോടെയാണ് തേനെടുക്കാൻ എത്തിയത്. പുലർച്ചെ മൂന്നോടെ രാജൻ ഏണിയിലൂടെ മരത്തിൽ കയറി. ഇതിനിടെ ഏണി മരത്തിൽനിന്ന് തെന്നി രാജൻ നിലത്തു വീണു. ഏണി തേനീച്ചക്കൂടിൽ തട്ടുകയും ചെയ്‌തു. മരത്തിന് ചുവട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രാജനെ പരിചരിക്കുന്നതിനിടെ തേനീച്ച കൂട്ടമായെത്തി ആക്രമിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ സുനിലിന്റെ ഭാര്യ കാത്തയുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് പുഴയിലേക്ക് തെറിച്ചുവീണ് മരിക്കുകയായിരുന്നു. പാറയിൽ തലയിടിച്ചതിനെ തുടർന്നായിരുന്നു കുഞ്ഞിന്റെ മരണം. രാജനും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞതിനിനെ തുടർന്ന് വനപാലകരും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. മൂന്ന് മണിക്കൂർ കാട്ടിലൂടെ ചുമന്ന് വയനാട് വടുവൻചാലിൽ എത്തിച്ച മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഷൈലജ, മായ എന്നിവരാണ് രാജന്റെ ഭാര്യമാർ. വനത്തിനുള്ളിൽ കഴിയുന്ന ചോലനായ്‌ക്കർ അത്യാവശ്യകാര്യങ്ങൾക്കുമാത്രമാണ് പുറത്തുവരാറുള്ളത്. Read on deshabhimani.com