വയനാട് ദുരന്തം: നിലമ്പൂര്‍ മേഖലയിലെ തിരച്ചില്‍ തുടരും - മന്ത്രി കെ രാജന്‍



കൽപ്പറ്റ > വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ വിധത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു.  ‌ ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചില്‍ നടത്തുക. ഉള്‍വനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവര്‍ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ ആവശ്യമുള്ളത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം കണ്ടെടുത്തതും നിലമ്പൂര്‍ മേഖലയില്‍ നിന്നാണ്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെ, പനങ്കയം മുതല്‍ പൂക്കോട്ടുമണ്ണ വരെ, പൂക്കോട്ടുമണ്ണ മുതല്‍ ചാലിയാര്‍ മുക്ക് വരെ, ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ, കുമ്പളപ്പാറ മുതല്‍ പരപ്പന്‍പാറ വരെ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും  കണ്ടെത്തുന്നതിനായി നിലമ്പൂരിലെ ഉള്‍വനത്തില്‍ നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഉള്‍വനത്തില്‍ ഒറ്റയ്ക്ക് പോവുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നതിനാലാണ് ഈ നിയന്ത്രണം.   ഉള്‍വനത്തിലെ ഏതെങ്കിലും ഭാഗങ്ങളില്‍ തിരച്ചില്‍ വേണമെന്നുണ്ടെങ്കില്‍ അക്കാര്യം ജില്ലാ ഭരണ കൂടത്തെ അറിയിക്കണം. രക്ഷാപ്രവര്‍ത്തനത്തിലും തിരച്ചിലിലും സന്നദ്ധ പ്രവര്‍ത്തകര്‍ കാണിക്കുന്ന താല്‍പര്യവും പിന്തുണയും അഭിനന്ദനാര്‍ഹമാണ്. 5403 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതു വരെ രക്ഷാപ്രവര്‍ത്തനത്തിലും തിരിച്ചിലിലും പങ്കാളികളായി എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News