അതിൽ അമ്മയുണ്ടാകുമോ...

പുത്തുമല പൊതുശ്മശാനത്തിൽ 
സാരജും (മധ്യത്തിൽ) കൂട്ടുകാരും


ചൂരൽമല >  തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ അമ്മയും ഉണ്ടാകുമോ. അമ്മയുണ്ടെങ്കിൽ സംസ്‌കരിക്കുന്നിടത്ത്‌ ഞാനുണ്ടാകണം. അമ്മയെത്തേടി അലയുന്ന സാരജും കൂട്ടുകാരും പുത്തുമലയിൽ കൂട്ടസംസ്‌കാരത്തിനെത്തിയത്‌ ഉള്ളുവിങ്ങുന്ന മനസുമായാണ്‌. ഉരുൾപൊട്ടലിൽ അച്ഛൻ ജഗദീഷും അനിയൻ സച്ചുവും മരിച്ചു. സാരജ്‌ മാത്രമാണ്‌ ബാക്കി. അമ്മ സരിത എവിടെയെന്നറിയില്ല. ചൂരൽമലയെ ഉരുളെടുത്തതുമുതൽ അമ്മയെ തേടി അലയുകയാണ് സാരജും കൂട്ടുകാരായ ആഷിഖും അശ്വന്തും  ആകാശും. വൈത്തിരി ഓറിയന്റൽ കോളേജിൽ ബിസിഎക്ക് ഒരുമിച്ച് പഠിച്ചവരാണിവർ. മോർച്ചറിയിലെത്തിച്ച എല്ലാ മൃതദേഹങ്ങളും അവർ കണ്ടു. ‘41 വയസാണ് സാരജിന്റെ അമ്മയ്ക്ക്. 153 സെന്റീമീറ്ററാണ് നീളം. കാലിൽ മിഞ്ചിയുണ്ട്. മൂക്കുത്തിയും കമ്മലും മേൽകമ്മലുമുണ്ട്. ഇതെല്ലാം തിരഞ്ഞ് അഴുകിയ ശരീരങ്ങൾ കണ്ട് മനസ്സ് മരവിച്ചു. അമ്മ മരിച്ചിട്ടുണ്ടാവില്ല. ഏതെങ്കിലും ആശുപത്രിയിലുണ്ടാകും. എല്ലായിടത്തും ഒരുതവണകൂടി പോകാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ'' കണ്ണീരണിഞ്ഞ്  ആഷിഖ് പറഞ്ഞു. ഏഴാം ദിവസവും കൂട്ടുകാരന്റെ അമ്മയ്ക്കായുള്ള തിരച്ചിലിലാണ് ഇവർ. Read on deshabhimani.com

Related News