മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിന് രൂപരേഖയായി
കൽപ്പറ്റ > മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റ നഗരസഭയിലെ എൽസ്‌റ്റൺ, മേപ്പാടിയിലെ നെടുമ്പാല എസ്‌റ്റേറ്റുകളിൽ നിർമിക്കൻ ലക്ഷ്യമിടുന്ന ടൗൺഷിപ്പുകളുടെ രൂപരേഖ തയ്യാർ. കിഫ്‌ബിയുടെ കീഴിലുള്ള കിഫ്‌കോൺ കൺസൾട്ടൻസിയാണ് രൂപരേഖ തയ്യാറാക്കിയത്. വീടുകൾ, ആശുപത്രി, സ്‌കൂൾ, ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, വിനോദ കേന്ദ്രങ്ങൾ, കളിസ്ഥലം തുടങ്ങിയവ രൂപഖേയിലുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്‌റ്റേറ്റ് മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം പെട്ടെന്നുണ്ടായേക്കും. ദുരന്തനിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്നാണ് നിയമവിദഗ്‌ധരുടെ വിലയിരുത്തൽ. തിങ്കളാഴ്‌ച വിഷയം കോടതി പരിഗണിക്കുന്നുണ്ട്. ടൗൺഷിപ്പ് നിർമാണത്തിന് വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കും. ജില്ലാ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാകും പദ്ധതി നിർവഹണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതി മേൽനോട്ടം വഹിക്കും. എൻജിനിയറിങ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്‌ഷൻ (ഇപിസി) മാതൃകയിലാകും പദ്ധതി നിർവഹണം. ഇപിസി ടെൻഡറിന്റെ രേഖാ പരിശോധന 15നകം പൂർത്തിയാക്കും. ടെൻഡർ ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യം. നെടുമ്പാലയിലും എൽസ്‌റ്റണിലുമായി 127.11 ഹെക്ടർ ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സ്പോൺസർമാർക്ക് സഹായം നൽകാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ചർച്ച നടത്തി വിശദാംശങ്ങൾ തീരുമാനിക്കും. ഗുണഭോക്താക്കളുടെ കരടുപട്ടിക കലക്ടർ പ്രസിദ്ധീകരിക്കും. വാടക വീടുകളിൽ സർക്കാർ താൽക്കാലികമായി പുനരധിവസിപ്പിച്ചവരും ബന്ധുവീടുകളിൽ താമസിക്കുന്നവരുമാണ് ഗുണഭോക്താക്കളാകുക. എവിടെ വീട് വേണമെന്നത് ഇവർക്ക് തീരുമാനിക്കാം. Read on deshabhimani.com