ചാലിയാറിൽ പരിശോധന ശക്തം; പുഴയൊഴുകുന്ന വനമേഖലയിലും തിരച്ചിൽ



നിലമ്പൂർ > വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ചാലിയാറിലൂടെ മൃതദേഹങ്ങളും ശരീരഭാ​ഗങ്ങളും ഒഴുകിവരുന്നത് തുടരുന്ന സാഹചര്യത്തിൽ തിരച്ചിൽ ഊർജിതമാക്കി. ഇതുവരെ 56 മൃതദേഹങ്ങളും 86 ശരീരഭാ​ഗങ്ങളുമാണ് ചാലിയാറിൽ നിന്ന് ലഭിച്ചത്. ചൂരൽമലയിൽനിന്ന്‌ ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ മൃതദേഹങ്ങളാണിത്. വ്യാഴാഴ്ച മാത്രം ചാലിയാർ പുഴയിൽ നിന്ന് രണ്ട് മൃതദേഹവും നാല് ശരീരഭാ​ഗങ്ങളും ലഭിച്ചു. യന്ത്രങ്ങൾ അടക്കം ഉപയോ​ഗിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽനിന്ന് പോത്തുകല്ല് ഭാ​ഗത്തേക്കും പോത്തുകല്ലിൽ നിന്ന് തിരിച്ചും വനത്തിലൂടെയടക്കം പരിശോധന നടക്കുന്നുണ്ട്. ഈ ഭ​ഗത്ത് എഴുപത് കിലോമീറ്റർ ചുറ്റളവിലാണ് പരിശോധന. ചൂരൽമലയ്ക്കും മുണ്ടേരി കുമ്പളപ്പാറയ്ക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാ​ഗത്തുനിന്ന് രണ്ട് പേരുടെ മൃതദേഹം ലഭിച്ചതായി സന്നദ്ധസംഘടനാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇത് പുറത്തുകൊണ്ടുവരാനുള്ള ശ്രമം പൊലീസും ഫയർഫോഴ്സും നടത്തുന്നുണ്ട്. വന പ്രദേശത്തു നിന്നു കൂടുതൽപേരുടെ മൃതദേഹം കിട്ടിയേക്കും എന്നാണ് കരുതുന്നത്. മഴയ്ക്കൊപ്പം ചാലിയാറിലെ കുത്തൊഴുക്കും വന മേഖയലിൽ കാട്ടാന ഉൾപ്പെടെയുള്ള മൃ​ഗങ്ങളുടെ സാന്നിധ്യവും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചാലിയാറിൽ പരിശോധന നടത്തിയ സന്നദ്ധപ്രവർത്തകരിൽ പലർക്കും പരിക്കേറ്റ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.   പുഴയിൽ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ച്  ഇവിടെ നിന്ന് ശരീരങ്ങൾ മേപ്പാടി സിഎച്ച്എസ്‍സിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീരഭാ​ഗങ്ങളുമാണ് കൊണ്ടുപോകുന്നത്. ഇതിനായി ആംബുലൻസുകൾ ഫ്രീസർ സൗകര്യത്തോടെ സ‍ജ്ജമാണ്. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 21 മൃതദേഹങ്ങൾ  ഇന്ന് വയനാട്ടിലേക്ക് മാറ്റി. നാടുകാണിചുരം വഴിയാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുന്നത്.    ഉരുൾപൊട്ടലിൽ ഇതുവരെ 290 ഓളം പേർ മരിച്ചെന്നാണ് അനൗദ്യോ​ഗിക കണക്ക്. മുണ്ടക്കൈയിൽ നിന്ന് ഇന്ന് ആറ് മൃതദേഹം മേപ്പാടി പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലെത്തിച്ചു. നാല് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.   Read on deshabhimani.com

Related News