തിരിച്ചറിയാൻ അവശേഷിക്കുന്നത് കയ്യിലെയും കാതിലെയും ആഭരണങ്ങൾ മാത്രം



നിലമ്പൂർ > ആശിച്ചു വാങ്ങിയണിഞ്ഞൊരു മാല, കൈവിരലിലെ പേരെഴുതിയ മോതിരങ്ങൾ, കാതിലണിഞ്ഞിരിക്കുന്ന കമ്മൽ, മടിക്കുത്തിൽ ഭദ്രമാക്കി സൂക്ഷിച്ച താക്കോൽ ​കൂട്ടം, ഉറങ്ങാൻ പോകും മുൻപ് ധരിച്ച വസ്ത്രത്തിന്റെ ശേഷിപ്പുകൾ... വയനാട് ദുരന്തത്തിൽ മരിച്ച പലരും  തിരച്ചറിയപ്പെടുന്നത് ഇവയിലൂടെയൊക്കെയാണ്. മരണസംഖ്യ 330 കടന്നെന്നാണ് അനൗദ്യോ​ഗിക കണക്കുകൾ. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരൽമലയിലുമടക്കം നടത്തുന്ന പരിശോധനകളിൽ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട്. ചാലിയാറിലൂടെ  ഒഴുകി വന്ന നിലയിൽ ശരീരങ്ങളും ശരീരഭാ​ഗങ്ങളും കണ്ടെത്തുന്നതും തുടരുകയാണ്. ദുരന്ത ഭൂമിയിലുണ്ടായിരുന്ന 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ നൽകുന്ന വിവരം. ദുരന്തം നടന്ന് ദിവസങ്ങൾക്ക് ശേഷം ലഭിക്കുന്ന മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. പ്രിയപ്പെട്ടവർക്ക് തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയ മൃതദേഹങ്ങളുടെ മുഖമായി മാറുകയാണ് ആഭരണ​ങ്ങളും വസ്ത്രങ്ങളും. വെള്ളിയാഴ്ച ചാലിയാറിൽ നിന്ന് ലഭിച്ച ഒരു കയ്യിലെ വിരലിൽ ജിഷ എന്നു പേരുള്ള മോതിരമുണ്ടായിരുന്നു. കൈ ജിഷയുടേതെന്ന തെളിവ് നൽകാനവശേഷിച്ചത് ജീർണിച്ചു തുടങ്ങിയ വിരലിലെ മോതിരം മാത്രം. കളത്തിൻകടവിൽ നിന്ന് ലഭിച്ച ശരീരം റൈഹാനത്തെന്ന വീട്ടമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞതും മോതിരത്തിൽ നിന്നും ചിറ്റുകമ്മലിൽ നിന്നുമാണ്. പല മൃതദേഹങ്ങളിൽ നിന്നും ആതിര, ലത എന്നിങ്ങനെ പേരെഴുതിയ മോതിരങ്ങൾ ലഭിച്ചു. കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാ​ഗങ്ങളും ആ പേരുകളുടെ ഉടമയുടേയോ അവർക്കേറ്റവും പ്രിയപ്പെട്ടൊരാളുടേതോ ആണെന്നതിന് ആഭരണങ്ങൾ മാത്രം തെളിവായി. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ളതായതിനാൽ ഇത്തരത്തിലുള്ള ശേഷിപ്പുകളിൽ നിന്നും മരിച്ച വ്യക്തിയെ കുറിച്ച് തുമ്പെന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലിസും സന്നദ്ധ പ്രവർത്തകരും. ഒരടയാളവും ശേഷിപ്പിക്കാത്ത 67 മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളുമാണ് ബന്ധുക്കൾക്ക് തിരിച്ചറിയാനാകാതെ പോയത്. ഇവ ജില്ലാ ഭരണകൂടത്തിന് കൈമാറി പൊതു ശ്മശാനങ്ങളിൽ സംസ്കരിക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. Read on deshabhimani.com

Related News