വയനാട് ദുരന്തം; സർക്കാർ ഇതര സംവിധാനങ്ങളുടെ സഹായം ഏകോപിപ്പിക്കാൻ ഐഎജി



കൽപറ്റ > വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സർക്കാർ ഇതര സംവിധാനങ്ങളുടെ ഇടപെടൽ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിന് കളക്ട്രേറ്റിൽ ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ (ഐഎജി) കോർഡിനേഷൻ ഡെസ്‌ക് പ്രവർത്തനം തുടങ്ങി. കളക്ട്രേറ്റിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിനു (ഡിഇഒസി) സമീപമാണ് ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനം. സർക്കാർ, സർക്കാരിതര സന്നദ്ധസംഘടനകൾ, പൗരസമിതികൾ എന്നിവയുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലെ ദുരന്തപ്രതികരണ ലഘൂകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായാണ് ദുരന്തനിവാരണ അതോറിറ്റികളുടെ കീഴിൽ ഐഎജി പ്രവർത്തിക്കുന്നത്. ചൂരൽമല ദുരന്തത്തിന്റെ പ്രതികരണ പ്രവർത്തനങ്ങളിൽ ആദ്യദിനം തന്നെ വയനാട്, മലപ്പുറം ഐഎജി പങ്കാളികളായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാൽ ദേശീയ, അന്തർദേശീയ സന്നദ്ധ സംഘടനകളുടേയും കോർപറേറ്റുകളുടേയും സഹകരണം കൂട്ടിയിണക്കേണ്ടതുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളതും ദീർഘകാല പിന്തുണ ആവശ്യമുള്ളതുമായ വിഷയങ്ങളിൽ സഹായിക്കാനുള്ള സന്നദ്ധതയും അഭ്യർഥനകളും കോഡിനേഷൻ ഡെസ്‌ക് വഴി ഏകോപിപ്പിക്കും. വയനാട് ദുരന്തത്തിന്റെ ഇരകൾക്ക് സഹായമെത്തിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ https://forms.gle/ueUtVwbZZuJ3pBrc8 എന്ന ഓൺലൈൻ ഫോമിലൂടെ അറിയിക്കാം. 8943204151 എന്ന നമ്പറിൽ നേരിട്ടും ബന്ധപ്പെടാം. റിലയൻസ്, ടാറ്റ, ആമസോൺ തുടങ്ങിയ വലിയ കമ്പനികൾ ഇതിനോടകം തന്നെ ഐഎജിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തങ്ങളുടെ സഹകരണങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വയനാട് ഐഎജി, യൂണിസെഫ്, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മായായ സ്പിയർ ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്. Read on deshabhimani.com

Related News