ഉരുള്‍പൊട്ടല്‍: ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍
മേപ്പാടി > വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിനായി ഞായറാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 3.30 വരെ ആനടിക്കാപ്പ്-സൂചിപ്പാറ മേഖലയില്‍ പ്രത്യേക തിരച്ചില്‍ നടത്തും. എന്‍ഡിആര്‍എഫ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ്പ്, അഗ്നിരക്ഷാസേന, വനം വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍, ചാമ്പ്യന്‍സ് ക്ലബ് പ്രവര്‍ത്തകര്‍, തദ്ദേശീയരായ ആളുകളെ ഉള്‍പ്പെടുത്തിയാണ് തിരച്ചിലിന് പ്രത്യേക ടീം രൂപീകരിച്ചത്. ചെങ്കുത്തായ വന മേഖലയില്‍ പരിശോധന നടത്താൻ 14 പേര്‍ അടങ്ങുന്ന ഒരു ടീമായാണ് സംഘം പോകുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരച്ചിലിന് പോകുന്നവര്‍ക്ക് ഉപകരണങ്ങൾ എത്തിക്കാന്‍ മറ്റൊരു സംഘവും അനുഗമിക്കും. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ട രണ്ട് സേനാംഗങ്ങളും തിരച്ചലിന്റെ ഭാഗമാവും. എസ്ഒജിയുടെ ഒരു ടീം സാധന സാമഗ്രികള്‍ എത്തിച്ച് നല്‍കും. ദുര്‍ഘട മേഖലയില്‍ തിരച്ചില്‍ നടക്കുന്നതിനാല്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ടീമിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ഏകോപിപ്പിക്കും. മേഖലയില്‍ എയര്‍ലിഫ്റ്റ് സംവിധാനം ആവശ്യമാണെങ്കില്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. Read on deshabhimani.com