ആദിവാസിയുവാവിനെ വലിച്ചിഴച്ച കേസ് ; 2 പേർ കൂടി പിടിയിൽ
മാനന്തവാടി ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിലായി. സംഭവത്തിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയ പനമരം താഴെപുനത്തിൽ ടി പി നബീൽ കമർ (25), കുന്നുമ്മൽ കെ വിഷ്‌ണു(31) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ഉൾപെട്ട നാലു പേരും പിടിയിലായി. കഴിഞ്ഞദിവസം അഭിരാം കെ സുജിത്, പച്ചിലക്കാട് പുത്തൻപീടികയിൽ മുഹമ്മദ് അർഷിദ് എന്നിവരെ അറസ്റ്റുചെയ്‌തിരുന്നു. ഇവർ റിമാൻഡിലാണ്. മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അക്രമത്തിനിരയായത്. മാനന്തവാടി പൊലീസ് എടുത്ത കേസ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ കേസുകൾ കൈകാര്യംചെയ്യുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡി(എസ്എംഎസ്)ന് കൈമാറി. മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മാതനെ ചൊവ്വാഴ്‌ച മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. Read on deshabhimani.com