മണ്ണോടുചേർന്ന്‌ 
 276 പേർ , 191 പേർക്കായി തിരച്ചിൽ തുടരുന്നു ; 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേർ



ചൂരൽമല (വയനാട്‌) മുണ്ടക്കൈ ഉരുൾപൊട്ടലിൽ പൊലിഞ്ഞത്‌  276 ജീവനുകൾ.  കാണാതായ 191 പേരിൽ അവശേഷിക്കുന്ന ജീവനുവേണ്ടി സർവസന്നാഹങ്ങളോടെ തിരച്ചിൽ തുടരുന്നു. ദുരന്തമേഖലയിൽനിന്ന്‌ 1,596 പേരെ രക്ഷപ്പെടുത്തി. എന്നാൽ ഔദ്യോഗിക മരണസംഖ്യ 167. പരിക്കേറ്റ 90 പേർ വയനാട്ടിലെ  വിവിധ ആശുപത്രികളിലുണ്ട്‌. ബുധനാഴ്‌ച മാത്രം 74 മൃതദേഹം പുറത്തെടുത്തതായി സർക്കാർ അറിയിച്ചു.  മരണസംഖ്യ ഗണ്യമായി ഉയർന്നേക്കും. കാണാതായവർക്കും മരണമടഞ്ഞവർക്കുമായി സമാനതകളില്ലാത്ത രക്ഷാദൗത്യമാണ്‌ മുണ്ടക്കൈയിലും ചൂരൽമലയിലും.  തിങ്കൾ അർധരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പാലം തകർന്ന്‌ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ ബുധനാഴ്‌ച പകൽ മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ എത്തിച്ചാണ്‌ തിരച്ചിൽ.  കെട്ടിടങ്ങളുടെ സ്ലാബുകൾ നീക്കം ചെയ്‌താണ്‌  തിരച്ചിൽ. ചൊവ്വാഴ്‌ച അർധരാത്രിവരെ തുടർന്ന രക്ഷാദൗത്യം ബുധനാഴ്‌ച പുലർച്ചെ പുനരാരംഭിച്ചു.  ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനമായ മുണ്ടക്കൈയിലെ തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ ബുധനാഴ്‌ച രാവിലെ അനേകം മൃതദേഹങ്ങൾ പുറത്തെടുത്തു.  ബുധനാഴ്‌ച സർവസന്നാഹങ്ങളോടെയുള്ള  രക്ഷാദൗത്യമായിരുന്നു.  വീടുകളിൽ കുടുങ്ങിയ 22 പേരെയും റിസോർട്ടിൽ ഒറ്റപ്പെട്ട 12 പേരേയും ഉച്ചയോടെ രക്ഷാദൗത്യസേന ക്യാമ്പുകളിലേക്ക്‌ മാറ്റി. ബുധനാഴ്‌ചയും തുടർച്ചയായി പെയ്‌ത മഴ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. സൈന്യത്തിന്റെ നേതൃത്വത്തിൽ മുണ്ടക്കൈയിൽ ബെയ്‌ലി പാലം നിർമാണം തുടങ്ങി. 17 ട്രക്കുകളിലായാണ്‌ പാലം നിർമാണസാമഗ്രികൾ എത്തിച്ചത്‌. മദ്രാസ്‌ മിലിട്ടറി എൻജിനിയറിങ് വിങ്ങിന്റെ  നേതൃത്വത്തിലാണ്‌ നിർമാണം. കനത്ത മഴയെത്തുടർന്ന്‌ പുഴയിൽ വെള്ളമുയർന്നതോടെ രണ്ടുതവണ പാലം പണി നിർത്തിവെക്കേണ്ടിവന്നു.  ഹെലികോപ്‌റ്ററിലാണ്‌ സൈന്യം ഭക്ഷണവും കുടിവെള്ളവും എത്തിച്ചത്‌. മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ പരിശീലനം ലഭിച്ച മൂന്ന്‌ സ്‌നിഫർ ഡോഗുകൾ തിരച്ചിൽ ആരംഭിച്ചു.  മരിച്ചതായി സ്ഥിരീകരിച്ച  167ൽ 79 പുരുഷന്മാരും 64 സ്‌ത്രീകളുമാണ്‌. വയനാട്‌ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,304 പേരുണ്ട്. ദുരന്തമേഖലയിൽ മാത്രം എട്ടുക്യാമ്പുകൾ തുറന്നു. മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, കെ രാജൻ, വീണാ ജോർജ്‌, എ കെ ശശീന്ദ്രൻ, കെ കൃഷ്‌ണൻ കുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ, ഒ ആർ കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, വി അബ്‌ദുറഹിമാൻ  എന്നീ മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ്‌ ചെയ്‌ത്‌ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഗവർണർമാരായ ആരിഫ്‌ മുഹമ്മദ്‌ ഖാൻ, സി വി ആനന്ദബോസ്‌, കെ ശ്രീധരൻ പിള്ള എന്നിവർ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചു. മുണ്ടക്കൈയിൽ ആസൂത്രിത രക്ഷാപ്രവർത്തനം ഉരുൾപൊട്ടൽ ഭീതിയിൽ വിവിധകേന്ദ്രങ്ങളിൽ തങ്ങിയിരുന്ന മുണ്ടക്കൈ നിവാസികളെ ബുധൻ പകൽ ഒന്നോടെ ചൂരൽമലയിലെത്തിച്ചു. ഒറ്റപ്പെട്ട മുണ്ടക്കൈയിൽ എത്രപേരുണ്ട്‌ എന്നതിൽ വ്യക്തതയുണ്ടായിരുന്നില്ല.  ചൊവ്വ വൈകിട്ടാണ്‌ താൽക്കാലിക പാലത്തിലൂടെ മുണ്ടക്കൈയിൽനിന്നുള്ളവരെ രക്ഷിക്കാനായത്‌. രാത്രി വൈകി അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ബുധൻ രാവിലെ ആറോടെ ആരംഭിച്ചു. എട്ടോടെ അട്ടമലയിലെ തോട്ടം തൊഴിലാളികൾ മധ്യപ്രദേശുകാരായ അമ്പതിലധികം പേരെ ആദ്യം എത്തിച്ചു. സംഘത്തിൽ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവരെ മേപ്പാടി  ക്യാമ്പിലേക്ക്‌ മാറ്റി. തുടർന്ന്‌ കൂടുതൽ അഗ്നിരക്ഷാസേനയെ പാലം വഴി എത്തിച്ചാണ്‌ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്‌. പുഞ്ചിരിമട്ടത്ത്‌ റിസോർട്ടിൽ തങ്ങിയ രണ്ട്‌ കുടുംബത്തിലെ 12 പേരെ പകൽ ഒന്നോടെ ചൂരൽമലയിലെത്തിച്ചു. Read on deshabhimani.com

Related News