ഉരുൾപൊട്ടൽ ദുരന്തസഹായം ; കേന്ദ്രം ഒളിച്ചോടുന്നു : കെ രാധാകൃഷ്‌ണൻ



ന്യൂഡൽഹി വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ പരിഹരിക്കാൻ കേരളത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ ഒളിച്ചോടുകയാണെന്ന്‌ കെ രാധാകൃഷ്‌ണൻ ലോക്‌സഭയിൽ പറഞ്ഞു. സഹായം നൽകുന്നില്ലെന്ന്‌ മാത്രമല്ല, അന്യായമായി കേരളത്തെ കുറ്റപ്പെടുത്തുകയുമാണ്‌ കേന്ദ്രം. ദുരന്തബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്‌തുവരികയാണെന്നും ദുരന്ത നിവാരണ ഭേദ​ഗതി ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത്‌ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ദുരന്തമേഖല നേരിട്ട്‌ സന്ദർശിച്ച്‌ ഡൽഹിയിൽ മടങ്ങിയെത്തിയപ്പോൾ സഹായം പ്രഖ്യാപിക്കുമെന്ന്‌ പൊതുവെ പ്രതീക്ഷിച്ചിരുന്നു. കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥതല സംഘവും സന്ദർശിച്ചു. കേരളത്തിന്‌ സഹായം ലഭിച്ചില്ല. 420 പേരുടെ ജീവൻ നഷ്ടപ്പെട്ട, ആയിരങ്ങൾ ഭവനരഹിതരായ ദുരന്തമാണ്‌ ഉണ്ടായത്‌.      സംസ്ഥാന സർക്കാരുകളുമായോ തദ്ദേശസ്ഥാപനങ്ങളുമായോ ചർച്ച നടത്താതെയാണ്‌ നിയമഭേദഗതി കൊണ്ടുവന്നത്‌. അധികാര കേന്ദ്രീകരണമാണ്‌ ലക്ഷ്യം. ലോകമെമ്പാടും പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ സമഗ്ര കാഴ്‌ചപ്പാട്‌ ഉണ്ടാകണം. ഇതിന്റെ  അഭാവം ബില്ലിൽ പ്രകടമാണെന്നും കെ രാധാകൃഷ്‌ണൻ പറഞ്ഞു. Read on deshabhimani.com

Related News