മുണ്ടക്കൈയിലും ചൂരൽമലയിലും ജനകീയ തിരച്ചിൽ
കൽപ്പറ്റ> ആയിരങ്ങളുടെ സ്വപ്‌നവും പ്രതീക്ഷകളും ഉരുളെടുത്ത രാത്രിക്ക് ശേഷം 11-ാം ദിവസവും കാണാതായവർക്കായിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. വെള്ളിയാഴ്‌ച രാവിലെ എട്ടുമണിയോടെ മേഖലയിൽ ജനകീയ തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളും കാണാതായവരുടെ ബന്ധുക്കളും തിരച്ചിലിൽ പങ്കാളികളായി. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേരാണ് തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തത്. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പമാണ് ഇവർ തിരച്ചലില്‍ പങ്കാളികളായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തെരച്ചില്‍ തുടരും. വ്യാഴാഴ്‌ച ഒരു മൃതദേഹവും ഒരു ശരീരഭാഗവുമാണ് ലഭിച്ചത്. ഇതുവരെ 226 മൃതദേഹവും 196 ശശീരഭാഗവും കണ്ടെത്തിയതായാണ് ഔദ്യോഗിക കണക്ക്. ആകെ 422. മേപ്പാടിയിൽനിന്ന് 149ഉം നിലമ്പൂരിൽനിന്ന് 77ഉം മൃതദേഹങ്ങൾ ലഭിച്ചു. കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കിൽ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. 90 ശതമാനത്തിൽ കുറഞ്ഞതാണെങ്കിൽ ശരീരഭാഗമായാണ് കണക്കാക്കുക. ഡിഎൻഎ പരിശോധനയ്‌ക്കുശേഷമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. 420 മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഏഴു ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 178 മൃതദേഹങ്ങളും രണ്ടു ശരീര ഭാഗങ്ങളും ബന്ധുക്കൾക്ക് വിട്ടുനൽകി. 47 മൃതദേഹങ്ങളും 186 ശരീര ഭാഗങ്ങളുമായി 233 സംസ്കാരങ്ങളാണ് നടന്നത്. ഉരുൾപൊട്ടൽ സംഭവിച്ച മേഖലയിൽ1 4 ക്യാമ്പുകളിലായി 641 കുടുംബങ്ങളുണ്ട്. 735 പുരുഷന്മാരും 743 സ്ത്രീകളും 464 കുട്ടികളും അടക്കം 1942 പേരാണുള്ളത്. Read on deshabhimani.com