കള്ളക്കഥയുമായി 
മാധ്യമങ്ങൾ ; കേന്ദ്രസഹായം മുടക്കാൻ ഗൂഢാലോചന



തിരുവനന്തപുരം വയനാട് മുണ്ടക്കൈ ദുരിതബാധിതർക്ക്‌ കേന്ദ്രസഹായം നേടാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കംവയ്‌ക്കാൻ വ്യാജ വാർത്തകളുമായി മാധ്യമങ്ങൾ. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി അടിയന്തര സഹായംതേടി കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തെ  ‘ദുരന്തമേഖലയിൽ ചെലവഴിച്ച പെരുപ്പിച്ച തുക’യുടെ കള്ളക്കണക്കെന്നു പറഞ്ഞായിരുന്നു ചില ചാനലുകളുടെ കുപ്രചാരണം. ഇത്‌ ഏറ്റുപിടിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ പ്രസ്‌താവനയുമായി യുഡിഎഫ്‌, ബിജെപി നേതാക്കളുമിറങ്ങി. സമാനതകളില്ലാത്ത ദുരന്തത്തിന്‌ കേരളം സാക്ഷ്യംവഹിച്ചിട്ട്‌ 50 ദിവസം കഴിഞ്ഞു. ദുരന്തത്തിന്റെ പത്താംദിവസം കേന്ദ്ര ഉന്നതതല സംഘവും പതിനൊന്നാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വയനാട്‌ സന്ദർശിച്ചിരുന്നു. കൽപറ്റയിൽ ചേർന്ന അവലോകനയോഗത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം നൽകിയത്‌. എന്നാൽ വിശദമായ നിവേദനം നൽകാൻ പ്രധാനമന്ത്രി നിർദേശിച്ചു. തുടർന്ന്‌ നൽകിയ നിവേദനത്തിൽ മുണ്ടക്കൈയിൽ ഉണ്ടായ നഷ്‌ടവും ദേശീയ ദുരന്ത പ്രതികരണനിധി (എൻഡിആർഎഫ്‌) യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന്‌ ആവശ്യപ്പെടാവുന്ന തുക ഇനംതിരിച്ച്‌ നൽകി. ഇതിനെയാണ്‌ വൻ തുക ചെലവഴിച്ചുവെന്ന്‌ സർക്കാർ കള്ളക്കണക്കെഴുതിയതായി പ്രചരിപ്പിച്ചത്‌. ഉണ്ടായ നഷ്‌ടത്തിന്റെ നാലിലൊന്നുപോലും കേന്ദ്ര മാനദണ്ഡപ്രകാരം കിട്ടില്ലെന്നിരിക്കെയാണ്‌ മാധ്യമങ്ങളുടെ കേരളവിരുദ്ധത.  എസ്‌ഡിആർഎഫ്‌ മാനദണ്ഡം അനുസരിച്ച്‌  പൂർണമായി തകർന്ന വീട്‌ 1.30 ലക്ഷം രൂപയാണ്‌ നഷ്ടപരിഹാരം. എന്നാൽ  വയനാട്ടിൽ ദുരന്തബാധിതർക്ക്‌ നിർമിക്കാൻ ഉദ്ദേശിക്കുന്നതാകട്ടെ 10 ലക്ഷം രൂപയുടെ വീടാണ്‌. കിട്ടുന്നത്‌ എട്ടിലൊന്നു മാത്രം.  ഇതുൾപ്പെടെ വിവിധ ഇനങ്ങളിലായി 1202 കോടി രൂപയുടെ പ്രാഥമിക സഹായമാണ്‌ കേരളം ആവശ്യപ്പെട്ടത്‌. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സെപ്‌തംബർ ആറിന്റെ ഉത്തരവിലും സർക്കാർ സമർപ്പിച്ച നിവേദനം വിശദമായുണ്ട്‌. 10 ദിവസം മുമ്പ്‌ ഹൈക്കോടതിയിൽ സമർപിച്ച രേഖ പുതിയതെന്തൊ ഒന്നെന്ന രീതിയിലാണ്‌ മാധ്യമങ്ങൾ അവതരിപ്പിച്ചത്‌.  ബിജെപി അനുകൂല മാധ്യമങ്ങളായ ഏഷ്യാനെറ്റും മാതൃഭൂമിയുമാണ്‌ തുടക്കമിട്ടത്‌. മറ്റ്‌ ദൃശ്യമാധ്യമങ്ങളും പിന്നാലെ ഏറ്റെടുത്തു. ദുരന്തം കഴിഞ്ഞ്‌ 50 ദിവസമായിട്ടും ഒരു രൂപ പോലും അനുവദിക്കാത്ത കേന്ദ്ര നിലപാട്‌ മറച്ചുവെയ്‌ക്കുകയും ചെയ്‌തു.  മാധ്യമങ്ങൾക്ക്‌ പിന്നാലെ  സർക്കാരിനെതിരെ മുസ്‌ലിം ലീഗ്‌ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം എന്നിവരുടെയും ബിജെപി നേതാവ്‌ വി മുരളീധരന്റെയും പ്രസ്‌താവനയുമായി രംഗത്തെത്തി. തെറ്റായ വാർത്ത തിരുത്തണം വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ‘വിവിധ ഇനത്തിൽ ചെലവഴിച്ച തുക’ എന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ മാധ്യമങ്ങൾ തിരുത്തണമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ആവശ്യപ്പെട്ടു. മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ നിവേദനത്തെയാണ്‌ കണക്കുകൾ പെരുപ്പിച്ചുകാട്ടിയതാക്കിയുള്ള പ്രചാരണം. വയനാടിന്റെ പുനർനിർമാണത്തിന്‌ സംസ്ഥാനം ആവിഷ്‌ക്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണിത്‌. ദുരന്തബാധിതർക്ക് അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണാൻ. എസ്‍ഡിആർഎഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരൽമല ദുരന്തത്തിൽ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. ദുരന്തനിവാരണ നിയമം അനുസരിച്ച് നഷ്ടപരിഹാരമായി കിട്ടേണ്ട തുകയുടെ ഏകദേശ കണക്കാണ്. ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷാപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽകണ്ടാണ്‌ നിവേദനം തയ്യാറാക്കുന്നത്‌– വാർത്താക്കുറുപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News