ഉരുളെടുത്ത കുടുംബങ്ങളെയും രാഹുൽ ഗാന്ധി മറന്നു

image credit rahul gandhi facebook


കൽപ്പറ്റ ‘വയനാടിന്‌ ലോക്‌സഭയിൽ രണ്ട്‌ പ്രതിനിധികൾ ഉണ്ടാകും. ഒരു ഔദ്യോഗിക പ്രതിനിധിയും അനൗദ്യോഗിക പ്രതിനിധിയായി ഞാനും. വയനാട്‌ എന്നും എന്റെ കുടുംബമാണ്‌’–- കഴിഞ്ഞദിവസം കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ പത്രികാസമർപ്പണശേഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ ഭാഗമാണിത്‌. അഞ്ചുകൊല്ലം ഔദ്യോഗിക പ്രതിനിധിയായി ഒന്നും ചെയ്യാതെ, ഒടുവിൽ വയനാടിനെ ഉപേക്ഷിച്ച്‌ സ്വയം അനൗദ്യോഗിക പ്രതിനിധിയായി മാറിയ രാഹുലിനുനേരെ ഇപ്പോൾ ചോദ്യങ്ങളുയരുന്നുണ്ട്‌. വൈകാരിക പ്രസംഗങ്ങൾക്കപ്പുറം വയനാടിനുവേണ്ടി എന്തുചെയ്‌തു?. അഞ്ചുകൊല്ലം മണ്ഡലത്തിന്റെ എംപി ആയിരുന്നപ്പോഴും ഇപ്പോൾ ലോക്‌സഭാ പ്രതിപക്ഷ നേതാവും അനൗദ്യോഗിക പ്രതിനിധി എന്ന്‌ സ്വയം അവകാശപ്പെടുമ്പോഴും ഉരുൾപൊട്ടൽ ബാധിത കുടുംബങ്ങളുടെ സ്ഥിതി അറിഞ്ഞിട്ടുണ്ടോ?.  മുന്നൂറോളം പേരുടെ ജീവനെടുത്ത മുണ്ടക്കൈ–-ചൂരൽമല ദുരന്തിൽ സഹായത്തിനായി മൂന്നുതവണ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിട്ടും നയാപൈസ ലഭിച്ചിട്ടില്ല. കേന്ദ്ര സഹായം ലഭ്യമാക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയിൽ എന്തുചെയ്‌തുവെന്നാണ്‌ വോട്ടർമാർ ചോദിക്കുന്നത്‌. ലോക്‌സഭയിൽ ഒരു പ്രസ്‌താവന നടത്തിയതിനപ്പുറം ഒന്നുമുണ്ടായില്ല. തങ്ങൾക്കുവേണ്ടി വാദിക്കുമെന്ന്‌ കരുതിയാണ്‌ രാഹുലിനെ എംപി ആക്കിയത്‌. എന്നാൽ തെരഞ്ഞെടുത്ത ഉടൻ മണ്ഡലം ഉപേക്ഷിച്ചു. സമാനതകളില്ലാത്ത ദുരന്തം ഉണ്ടായപ്പോൾ വയനാടിനുവേണ്ടി കേന്ദ്രത്തിൽ പറയാൻ ഈ നാടിന്‌  ജനപ്രതിനിധിയുണ്ടായില്ല. മണ്ഡലത്തിൽ സഹായം എത്തണമെങ്കിൽ എംപിയുടെ നിരന്തര ഇടപെടലുണ്ടാകണം. കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ പ്രതിനിധിയായി മാറണം. ദുരന്തത്തിന്റെ വ്യാപ്‌തി ഓരോ ഘട്ടങ്ങളിലും ബോധ്യപ്പെടുത്തണം. സമ്മർദശക്തിയായി സഹായം വാങ്ങിയെടുക്കണം. വേണ്ടിവന്നാൽ പ്രക്ഷോഭത്തിലേക്ക്‌ പോലും പോകണം. സഹായം ലഭ്യമാക്കാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ സാധ്യതകൾ ഏറെയാണ്‌. ഒന്നും ചെയ്യാതെ, സഹോദരിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി വയനാട്ടിലെത്തി മുൻകാലങ്ങളിലേതുപോലെ വൈകാരിക പ്രസംഗം നടത്തി രാഹുൽ ഹെലികോപ്‌റ്ററിൽ പറന്നകന്നു. ദുരന്തബാധിതർ കേന്ദ്രസഹായത്തിനായി ആകാശം നോക്കിനിൽക്കുകയാണ്‌.   Read on deshabhimani.com

Related News