വയനാട്‌ 
പുനരധിവാസം : ചീഫ്‌ സെക്രട്ടറിക്ക്‌ ചുമതല



തിരുവനന്തപുരം വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച്‌ വിദഗ്‌ധരുമായും ജനപ്രതിനിധികളുമായും വിശദമായ ചർച്ച നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തി. എല്ലാവരുടെയും അഭിപ്രായം ശേഖരിച്ചശേഷം പുനരധിവാസ പദ്ധതിക്ക്‌ രൂപംനൽകുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 219 കുടുംബങ്ങളാണ്‌ ക്യാമ്പുകളിലുള്ളത്‌. ബന്ധുവീടുകളിലേക്കോ വാടക വീടുകളിലേക്കോ മാറിയവർക്ക്‌ സർക്കാർ സഹായം ഉറപ്പാക്കും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്തിയതിൽ 83 കുടുംബങ്ങൾക്ക്‌ താമസിക്കാം. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയ്യാറാണ്‌. 123 എണ്ണം ഇപ്പോൾ താമസയോഗ്യമാണ്. 105 വാടകവീടുകൾ ഇതിനകം അനുവദിച്ചു നൽകി. അതിജീവനത്തിനായി പൊരുതുന്നവരെ ജീവിതത്തിലേക്ക്‌ കൊണ്ടുവരാൻ ബാങ്കുകളുടെ പിന്തുണ വേണം. വായ്പ എഴുതിത്തള്ളാൻ സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. ജൂലൈ 30നുശേഷം പിടിച്ച ഇഎംഐ തിരിച്ചടയ്‌ക്കാൻ സമിതി ബാങ്കുകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. കാർഷിക, കാർഷികേതര വായ്പകൾ റീസ്ട്രക്ചർ ചെയ്യാൻ യോഗം തീരുമാനിച്ചിട്ടുണ്ട്‌. പുതിയ വായ്പനിബന്ധനകൾ ലഘൂകരിച്ച്‌ വേഗത്തിൽ നൽകാൻ തീരുമാനങ്ങളുണ്ടാകും.സെക്യൂരിറ്റിയില്ലാതെ 25,000 രൂപവരെയുള്ള കൺസംപ്‌ഷൻ വായ്പ നൽകാനും തീരുമാനമായി. 30 മാസമാണ്‌ ഈ വായ്പയുടെ തിരിച്ചടവ് സമയം. ദുരന്തമേഖലയിലെ റിക്കവറി നടപടികൾ തൽക്കാലം നിർത്തിവെക്കാനും സമിതി തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News