വയനാട്‌ പുനരധിവാസം : സർക്കാർ ഏറ്റെടുക്കുന്നത്‌ 127 ഹെക്ടർ



കൽപ്പറ്റ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ്‌ സ്ഥാപിക്കുന്നതിന്‌  സർക്കാർ ഏറ്റെടുക്കുന്നത്‌ 127.11 ഹെക്ടർ. കൽപ്പറ്റ നഗരത്തോടുചേർന്നുള്ള എൽസ്റ്റൺ എസ്‌റ്റേറ്റും മേപ്പാടി ടൗണിൽനിന്ന്‌ ആറ്‌ കിലോമീറ്റർ ദൂരെയുള്ള നെടുമ്പാല എസ്‌റ്റേറ്റും  ഏറ്റെടുക്കാനാണ്‌ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. ടൗൺഷിപ്പ് നിർമിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയത് വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ (ബ്ലോക്ക് നമ്പർ 28, സർവേ നമ്പർ 366) നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും കൽപ്പറ്റ വില്ലേജിൽ (ബ്ലോക്ക് നമ്പർ 19, സർവേ നമ്പർ 881)  എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ്‌. ഇത്‌ ആകെ 144. 14 ഏക്കർ വരും. ഇരുസ്ഥലവും വിദഗ്‌ധസംഘം പരിശോധിച്ച്‌ ടൗൺഷിപ്പിന്‌ അനുയോജ്യമാണെന്ന്‌ സർക്കാരിന്‌ നേരത്തെ റിപ്പോർട്ട്‌  നൽകിയതാണ്‌. രണ്ടും തേയില എസ്‌റ്റേറ്റുകളാണ്‌. കാസർകോട്‌ സ്വദേശികളുടേതാണ്‌ എൽസ്റ്റൺ. ഹാരിസൺ മലയാളം പ്ലാന്റേഷന്റേതാണ്‌ നെടുമ്പാലയിലെ തോട്ടം.എൽസ്റ്റണിലെ  78.73 ഹെക്ടറിൽ 10.42 ഹെക്ടറിൽ താമസക്കാരുണ്ട്‌. ഇതൊഴിച്ചുള്ള ഭൂമിയാണ്‌ ഏറ്റെടുക്കുക. 23.49 ഹെക്ടറാണ്‌ വീട്‌ നിർമാണത്തിന്‌ അനുയോജ്യമായി കണ്ടെത്തിയത്‌. ബാക്കി ഭൂമി സ്കൂളിനും ടൗൺഷിപ്പിന്റെ മറ്റ്‌ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കും. നെടുമ്പാലയിൽ 65.41 ഹെക്ടറുള്ളതിൽ 6.61 ഹെക്ടറിൽ താമസക്കാരുണ്ട്‌.  ഇതൊഴിച്ചാകും ഏറ്റെടുക്കൽ. 20.99 ഹെക്ടറാണ്‌ വീടുവയ്‌ക്കാൻ അനുയോജ്യമെന്ന്‌ കണ്ടെത്തിയത്‌. ബാക്കി ഭൂമി ടൗൺഷിപ്പിന്‌ ഉപയോഗിക്കും. ദുരന്തനിവാരണ നിയമം 2005 പ്രകാരം കൈവശം ഏറ്റെടുക്കാനാണ്‌ മന്ത്രിസഭ അനുമതി നൽകിയത്‌. രണ്ടിടത്തും സർവേ പൂർത്തിയായി. എൽസ്റ്റൺ എസ്‌റ്റേറ്റിൽ തൊഴിൽ പ്രശ്‌നമുണ്ട്‌. കൂലിയും ആനുകൂല്യങ്ങളും നൽകാത്തതിനാൽ തൊഴിലാളികൾ സമരത്തിലായതിനാൽ തോട്ടം അടച്ചിട്ടിരിക്കുകയാണ്‌. തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിച്ചാകും ഏറ്റെടുക്കൽ. Read on deshabhimani.com

Related News