മുണ്ടക്കൈ പുനരധിവാസം ; കോടതി അംഗീകരിച്ചാലുടൻ ടൗൺഷിപ്പിലേക്ക്‌ : കെ രാജൻ



തിരുവനന്തപുരം മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിന്‌ കണ്ടെത്തിയ ഭൂമി സംബന്ധിച്ച കേസിൽ കോടതിവിധി വന്നാൽ മണിക്കൂറുകൾക്കുള്ളിൽ നിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന്‌ റവന്യൂമന്ത്രി കെ രാജൻ. കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഭൂമി ഏറ്റെടുക്കുമ്പോൾ അർഹതപ്പെട്ട സംഖ്യ അർഹതപ്പെട്ടയാൾക്ക്‌ കോടതിപറയുന്ന സമയത്ത്‌ നൽകുമെന്ന്‌ സർക്കാർ അറിയിച്ചിട്ടുണ്ട്‌. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോൾ പണം ലഭിക്കുമോയെന്ന ആശങ്കകൊണ്ടാകാം എസ്റ്റേറ്റ്‌ ഉടമകൾ കോടതിയെ സമീപിച്ചത്‌. പുനരധിവാസത്തിന്‌ 25 എസ്റ്റേറ്റ്‌ കണ്ടെത്തി. അതിൽ സുരക്ഷിതമെന്ന്‌ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയ ഒമ്പതു എസ്റ്റേറ്റിൽ ഏറ്റവും അനുയോജ്യമായതാണ്‌ നെടുമ്പാല, എൽസ്റ്റൺ എന്നിവ. ഇത്‌ ഏറ്റെടുക്കാൻ മന്ത്രിസഭ അംഗീകാരവും നൽകി. 1133 വീട്‌ നിർമിക്കാൻ സഹായ വാഗ്‌ദാനം ലഭിച്ചു. ദുരന്തബാധിതരുടെ അഭിപ്രായം കൂടിപരിഗണിച്ചാണ്‌ ടൗൺഷിപ്പ്‌ എന്നതിലേക്ക്‌ എത്തിയത്‌. സർവകക്ഷി യോഗവും ഇതംഗീകരിച്ചു–- മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‌ കണക്കു
നൽകാൻ വൈകിയില്ല കേന്ദ്ര സർക്കാരിനു കണക്കു നൽകാൻ കാലതാമസം ഉണ്ടായിട്ടില്ലെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. ആഗസ്‌ത്‌ 17ന്‌ നൽകിയത്‌ 1202 കോടി നഷ്ടം കണക്കാക്കിയുള്ള 33 പേജുള്ള മെമ്മോറാണ്ടമാണ്‌. തുടർന്ന്‌ നവംബർ 13ന്‌ 603 പേജുള്ള വിശദമായ പിഡിഎൻഎ (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ്‌ അസസ്‌മെന്റ്‌സ്‌) റിപ്പോർട്ടും നൽകി. 17 സെക്ടറുകളിലായി 2221.033 കോടി രൂപയാണ്‌ പുനർനിർമാണ ചെലവായി കണക്കാക്കിയത്‌. ഹെലികോപ്ടർ വാടക കേന്ദ്ര ദുരന്തനിവാരണ വകുപ്പിനോടാണ്‌ ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News