റീ ബിൽഡ് വയനാട് ; കുഞ്ഞുങ്ങൾ പഠിച്ചുവളരട്ടെ , വെള്ളാർമല, ചൂരൽമല സ്കൂളിലെ
കുട്ടികൾക്കുള്ള പഠന കിറ്റ് 
മലപ്പുറത്തെ സ്കൂളുകളിൽനിന്ന്

ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്ന്‌ സമാഹരിച്ച പഠനസാമഗ്രികൾ മലപ്പുറം ഡിഇഒ ഓഫീസിൽ എത്തിച്ചപ്പോൾ


മലപ്പുറം ഉരുളെടുത്ത നാടും വീടും വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി നാടാകെ മുന്നേറുമ്പോൾ കുഞ്ഞുങ്ങളുടെ പഠനത്തിനും പുതുവഴികൾ ഒരുങ്ങുന്നു. വെള്ളാർമല, ചൂരൽമല പ്രദേശത്തെ കുട്ടികളുടെ പഠനം ഉറപ്പാക്കാൻ മലപ്പുറത്തെ സ്‌കൂളുകളിൽനിന്നും പഠനസാമഗ്രികൾ എത്തിച്ചു കൊടുക്കും. ഒരു വിദ്യാർഥിക്ക്‌ വേണ്ട ബാഗ്, ഇൻസ്ട്രുമെന്റ്‌ ബോക്സ്, കുട, നോട്ട് ബുക്കുകൾ, സ്റ്റീൽ വാട്ടർ ബോട്ടിൽ, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്, പെൻസിലുകൾ, പേന,  ക്രയോൺസ് എന്നിവ അടങ്ങിയ കിറ്റുകളാണ്‌ നൽകുന്നത്‌. ആറിന്  മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൽപ്പറ്റയിൽ നടന്ന പൊതു വിദ്യാഭ്യാസവകുപ്പിന്റെ  ‘റീബിൽഡ് വയനാട്’ യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് കിറ്റ് തയ്യാറാക്കിയത്. ഉരുൾപൊട്ടലിൽ വെള്ളാർമല  ഗവൺമെന്റ്‌ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 600 കുട്ടികൾക്ക് പഠനസാമഗ്രികൾ നഷ്ടമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഈ കുട്ടികൾക്ക് മലപ്പുറം ജില്ലയിൽനിന്ന് കിറ്റുകൾ എത്തിച്ചുനൽകാൻ യോഗത്തിൽ തീരുമാനിച്ചു. ജില്ലയിലെ ഓരോ ഹൈസ്കൂളിൽനിന്നും പരമാവധി മൂന്ന് കിറ്റുകൾ നൽകാനാണ്‌ ധാരണ. സ്കൂളുകളിൽനിന്നും ശേഖരിക്കുന്ന കിറ്റുകൾ മലപ്പുറം ഡിഡിഇ ഓഫീസിൽ എത്തിച്ച്  ഒരുമിച്ച് വയനാട്ടിൽ എത്തിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ  ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽനിന്നായി  668 കിറ്റുകളാണ് തയ്യാറാക്കിയത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച പകൽ 2.30ന് കിറ്റുകൾ  കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. പഠനകിറ്റ് വഹിച്ചുള്ള വാഹനം തിങ്കൾ പകൽ 11ന്  കോട്ടപ്പടിയിലെ ഡിഡിഇ ഓഫീസ് പരിസരത്ത് കലക്ടർ വി ആർ വിനോദ് ഫ്ലാഗ് ഓഫ് ചെയ്യും. കിറ്റിലെ ഇനങ്ങൾ ബാഗ്, ഇൻസ്‌ട്രുമെന്റ് ബോക്സ്‌, കുട, നോട്ട് ബുക്ക്‌ 10 എണ്ണം, സ്റ്റീൽ വാട്ടർ ബോട്ടിൽ, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ്, പെൻസിൽ 2 എണ്ണം, പെൻ 2 എണ്ണം, കളർ ക്രയോൺസ് ബോക്സ്‌. Read on deshabhimani.com

Related News