വയനാടിന്‌ സഹായമേകാൻ 
ധീരജിന്റെ ഓർമക്കുടുക്കയും



തളിപ്പറമ്പ്‌ ധീരജിന്റെ ഓർമയ്‌ക്കായി വീട്ടിൽ സൂക്ഷിച്ച പഴ്‌സിലെയും കുടുക്കയിലെയും പണം മുണ്ടക്കൈയിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന്‌. കൊല്ലപ്പെടുമ്പോൾ ധീരജിന്റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സും വീട്ടിൽ അവൻ സ്വരുക്കൂട്ടിവച്ച നാണയത്തുട്ടുകളുള്ള  കുടുക്കയുമാണ്‌  മാതാപിതാക്കൾ കൈമാറിയത്‌. ധീരജിന്റെ രക്തസാക്ഷി സ്‌തൂപത്തിൽവച്ച്‌   ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ പണം ഏറ്റുവാങ്ങിയപ്പോൾ അച്ഛൻ രാജേന്ദ്രന്‌ കരച്ചിലടക്കാനായില്ല. വയനാട്‌ ഉരുൾപൊട്ടലിൽ സർവവും നശിച്ചവർക്കായി ഡിവൈഎഫ്‌ഐ വീടുനിർമിച്ച്‌ നൽകുന്നതറിഞ്ഞാണ്‌ ഇവ നൽകാൻ മാതാപിതാക്കൾ സന്നദ്ധത അറിയിച്ചത്‌. ‘‘വയനാട്ടിലെ മനുഷ്യരും ധീരജിനെപ്പോലെ ഒരു തെറ്റും ചെയ്യാതെ ഈ ലോകത്തുനിന്ന്‌ യാത്രപറയേണ്ടിവന്നവരാണ്‌. ഉറ്റവർ നഷ്‌ടപ്പെടുന്നതിന്റെ വേദനയെ അതിജീവിക്കുക എളുപ്പമല്ല. എങ്കിലും, സുരക്ഷിതമായ ഒരിടത്തേക്ക്‌ ജീവിതം എത്തിക്കാനുള്ള ശ്രമം നടക്കുമ്പോൾ ധീരജിനുവേണ്ടി ഞങ്ങൾക്ക്‌ ഇത്‌ ചെയ്യണമെന്ന്‌ തോന്നി’’–- രാജേന്ദ്രൻ പറഞ്ഞു. 2022 ജനുവരി പത്തിനാണ്‌ ഇടുക്കി ഗവ. എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകനായ ധീരജ്‌ രാജേന്ദ്രനെ യൂത്ത്‌ കോൺഗ്രസ്‌–- കെഎസ്‌യു സംഘം കുത്തിക്കൊന്നത്‌.   Read on deshabhimani.com

Related News